ബഫര്‍ സോണ്‍: കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം; നീതിക്കായി കത്തോലിക്കാ സഭ സമര മുഖത്തുണ്ടാകുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി

ബഫര്‍ സോണ്‍: കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം; നീതിക്കായി കത്തോലിക്കാ സഭ സമര മുഖത്തുണ്ടാകുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി

തലശേരി: വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ബഫര്‍ സോണ്‍) ആക്കണമെന്ന സുപ്രീം കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പും സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനി.

അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനതയെ തകര്‍ത്തെറിയുന്ന വിധിയാണിത്. നീതിക്കായി കത്തോലിക്കാ സഭ മുന്നില്‍ നിന്ന് സമരം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം മതപരമല്ല, മലയോര ജനതയുടെ അതിജീവനത്തിന്റെ പ്രശ്നമാണ്.

ജനങ്ങളെ ഗൂഢവഴിയിലൂടെ കുടിയിറക്കാനുള്ള ശ്രമത്തെ സംഘടിതമായി നേരിടും. കൃഷിഭൂമി കയ്യേറാന്‍ വരുന്നവരെ എതിര്‍ക്കാന്‍ കര്‍ഷകരെ അണി നിരത്തും. കോടതിയില്‍ കര്‍ഷക പക്ഷത്തു നിന്ന് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നും കസ്തൂരിരംഗന്‍ വിഷയത്തിലും ഇത് കണ്ടതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

അതിനിടെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമ പരിശോധന തുടങ്ങി. ഉന്നതാധികാര സമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമ ഉത്തരവില്‍ പുനപരിശോധന ഹര്‍ജി കേന്ദ്രം നേരിട്ടു നല്‍കുന്ന കാര്യവും പരിഗണനയിലാണ്.

ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ന്യൂഡല്‍ഹി, ഭുവനേശ്വര്‍ അടക്കമുള്ള നഗരങ്ങളുടെ തുടര്‍ വികസനത്തെ തടസപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതില്‍ വലിയ വെല്ലുവിളിയുണ്ടെന്നാണ് വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തല്‍.

സുപ്രീം കോടതി ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസ മേഖലകളെ സംബന്ധിച്ച് ഉയരുന്നത്. കേരളം പോലുള്ള ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് കോടതി വിധി. അതേസമയം കേരളത്തിന്റെ ആശങ്ക സംബന്ധിച്ച് ഇതുവരെ രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.