പിണറായിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു

പിണറായിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ പി സി സി അറിയിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും.

ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍, എസ്.ഡി.പി.ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലും മറ്റും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിരിയാണി ചെമ്പുമായി പാലക്കാട് സുല്‍ത്താന്‍പേട്ട സിഗ്‌നല്‍ ഉപരോധിച്ചു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു.

മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കുള്ള പങ്ക് കോടതിയില്‍ മൊഴിയായി നല്‍കിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംശയകരമായ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് പാത്രം കോണ്‍സല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതില്‍ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയില്‍ സ്വപ്ന ഹര്‍ജി നല്‍കിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവ് നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.