ചരിത്രം സാക്ഷി: മെക്‌സിക്കോ ഗ്വാഡലജാറ രൂപതയില്‍ 70 വൈദിക വിദ്യാര്‍ഥികള്‍ പൗരോഹിത്യം സ്വീകരിച്ചു; ഇത്രയുമധികം പേര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് ആദ്യം

ചരിത്രം സാക്ഷി: മെക്‌സിക്കോ ഗ്വാഡലജാറ രൂപതയില്‍ 70 വൈദിക വിദ്യാര്‍ഥികള്‍ പൗരോഹിത്യം സ്വീകരിച്ചു; ഇത്രയുമധികം പേര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് ആദ്യം

ഗ്വാഡലജാറ: മെക്‌സികോയിലെ അതിപുരാതനവും ലോകത്തെ ഏറ്റവും വലിയ സെമിനാരികളിലൊന്നുമായ ഗ്വാഡലജാര രൂപതാ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ 70 പേര്‍ കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ് ജോസ് ഫ്രാന്‍സിസ്‌കോ റോബിള്‍സ് ഒര്‍ട്ടെഗയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാന്റുവാരിയോ ഡി ലോസ് മാര്‍ട്ടിറസില്‍ ജൂണ്‍ നാല്, അഞ്ച് തീയതികളിലായി ആദ്യം 33 പേരും രണ്ടാംഘട്ടത്തില്‍ 37 പേരും പുരോഹിതരായി അഭിഷിക്തരായി. രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആളുകള്‍ ഒരുമിച്ച് വൈദീക പട്ടം സ്വീകരിക്കുന്നത്.

ദൈവത്തെയും ദൈവജനത്തെയും സേവിക്കാനായി വിശ്വാസ സമൂഹത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് പുരോഹിതരെന്ന് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്‌കോ റോബിള്‍സ് ഒര്‍ട്ടെഗ പറഞ്ഞു. പുരോഹിതന്‍ ഒരു മാലാഖയല്ല, സഹമനുഷ്യരില്‍ നിന്ന് ദൈവം എടുത്ത ഒരു മനുഷ്യനാണ്. പുരോഹിതന്‍ തന്റെ ഉത്ഭവം മറക്കുമ്പോള്‍ അവനും സേവിക്കാന്‍ നിയോഗിക്കപ്പെട്ട സമൂഹവും തമ്മില്‍ അകലം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണെന്ന മനോഭാവം എപ്പോഴുണ്ടാകുന്നോ അപ്പോള്‍ ഒരു പുരോഹിതന്‍ തിന്മയില്‍ ഏര്‍പ്പെടുന്നു. അത് സഭയെ മാത്രമല്ല വിശ്വാസ സമൂഹത്തെയും ബാധിക്കുന്നതാണ്. ദൈവത്തിന്റെ കരങ്ങള്‍ക്കൊണ്ട് മനുഷ്യനെ സേവിക്കലാണ് ജനം ഒരു പുരോഹിതനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ദൈവത്തിന്റെ പ്രതിരൂപമായാണ് വിശ്വാസികള്‍ പുരോഹിതരെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്വാഡലജാര സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. ജുവാന്‍ കാര്‍ലോസ് ലൂപ്പര്‍സിയോ ഗോമസും ചടങ്ങുകള്‍ പങ്കെടുത്തു.



ലോകത്തിലെ ഏറ്റവും വലിയ സെമിനാരികളിലൊന്നാണ് 1570 ല്‍ സ്ഥാപിതമായ ഈ സെമിനാരി. 1696 ല്‍ ഗ്വാഡലജാര രൂപതാ ഇത് ഏറ്റെടുത്തു. അനേകം വിശുദ്ധര്‍ക്കും വാഴ്ത്തപ്പെട്ടവര്‍ക്കും ജന്മം നല്‍കിയ ഈ സെമിനാരിയില്‍ നിന്ന് ആയിരക്കണക്കിന് വൈദികരും അനേകം ബിഷപ്പുമാരും കര്‍ദ്ദിനാള്‍മാരും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഈ സെമിനാരിയില്‍ പഠിച്ചിറങ്ങിയവരില്‍ റിപ്പബ്ലിക് ഓഫ് മെക്‌സിക്കോയുടെ മൂന്ന് പ്രസിഡന്റുമാര്‍, ജാലിസ്‌കോ സ്റ്റേറ്റിന്റെ നിരവധി ഗവര്‍ണര്‍മാര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍ എന്നിവരുമുണ്ട്.

493 ഇടവകകളിലായി 5.7 ദശലക്ഷം വിശ്വാസികളുള്ള ഗ്വാഡലജാര അതിരൂപതയുടെ അഭിമാന സ്ഥാപനമാണ് ഈ സെമിനാരി. സഭയെ സേവിച്ചുകൊണ്ടിരിക്കുന്ന 1,600 വൈദികരെ വാര്‍ത്തെടുത്തത് ഇവിടെ നിന്നാണ്. മരണപ്പെട്ട വൈദീകരുടെ എണ്ണം കണക്കാക്കിയാല്‍ ഗ്വാഡലജാര സെമിനാരി രൂപപ്പെടുത്തിയ വൈദികരുടെ എണ്ണം ലക്ഷങ്ങള്‍ കടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.