ഓട്ടോമന്‍ ഭരണകാലത്ത് രക്ഷസാക്ഷികളായ കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ട പദവിയില്‍

ഓട്ടോമന്‍ ഭരണകാലത്ത് രക്ഷസാക്ഷികളായ കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ട പദവിയില്‍

ബെയ്‌റൂട്ട്: ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ ഓട്ടോമന്‍ ഭരണകാലത്ത് രക്ഷസാക്ഷികളായ രണ്ടു കത്തോലിക്കാ വൈദികരെ ലെബനനില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കപ്പൂച്ചിന്‍ മിഷനറിമാരായിരുന്ന ഫാ. ലിയോണാര്‍ഡ് മെല്‍ക്കി, ഫാ. തോമസ് സാലേഹ് എന്നിവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.

1915-നും 1917-നും ഇടയിലാണ് ഇരുവരെയും ഓട്ടോമന്‍ ഭരണകൂടത്തിന്റെ സൈന്യം പിടികൂടുകയും ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

ഇസ്ലാം മതം സ്വീകരിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ഫാ. ലിയോണാര്‍ഡിന് അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും അദ്ദേഹം അതു നിരസിച്ചു. ക്രൈസ്തവനായി മരണം വരിക്കാനായിരുന്നു ഫാ. ലിയോണാര്‍ഡിന്റെ ധീരമായ തീരുമാനം. തുടര്‍ന്ന് 400-ലധികം ക്രൈസ്തവ തടവുകാര്‍ക്കൊപ്പം ഈ ലെബനന്‍ പുരോഹിതനെ മരുഭൂമിയിലേക്കു കൊണ്ടുപോവുകയും അവിടെ വച്ച് 1915 ജൂണ്‍ 11-ന് കൊലപ്പെടുത്തുകയും ചെയ്തു.

അര്‍മേനിയന്‍ വംശഹത്യയുടെ കാലത്ത് അര്‍മേനിയന്‍ വൈദികന് അഭയം നല്‍കിയതിന്റെ പേരിലായിരുന്നു ഫാ. തോമസിനെ കൊലപ്പെടുത്തിയത്. ഞാന്‍ ദൈവത്തില്‍ പൂര്‍ണമായും ശരണപ്പെടുന്നു. എനിക്ക് മരണത്തെ ഭയമില്ല. ഇതായിരുന്നു മരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.

രാജ്യതലസ്ഥാനമായ ബെയ്‌റൂട്ടിന് സമീപമുള്ള ജാല്‍ അല്‍ ദിബിലെ ദേവാലയത്തില്‍ ജൂണ്‍ നാലിനായിരുന്നു വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. ചടങ്ങില്‍ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ മാര്‍സലോ സെമറാറോ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

'മാനുഷികമായി പറഞ്ഞാല്‍ രക്തസാക്ഷികളാക്കപ്പെട്ട വൈദികര്‍ ഇരകളാണ്. ഒട്ടോമന്‍ സാമ്രാജ്യ കാലത്ത് അര്‍മേനിയന്‍ ജനതയ്ക്കും ക്രൈസ്തവര്‍ക്കും എതിരേ നടന്ന പീഡനത്തിന്റെ ദാരുണമായ ഇരകളാണ്. എന്നാല്‍ ക്രൈസ്തവ വിശ്വാസ വീക്ഷണത്തില്‍ അവര്‍ വിജയികളായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തിന്റെ പരീക്ഷണ ഘട്ടങ്ങളില്‍, ജോലി, സ്വത്ത് എന്നിവയ്ക്ക് മുകളിലായി സത്യത്തെ പ്രതിഷ്ഠിക്കാന്‍ നാം ഉറച്ച തീരുമാനം എടുക്കണമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

മാരോണൈറ്റ് സഭയുടെ പാത്രിയാര്‍ക്ക് കര്‍ദ്ദിനാള്‍ ബെച്ചാരെ ബൂട്രോസ് റായിയും സിറിയന്‍ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇഗ്‌നേസ് ജോസഫ് യൂനാന്‍ മൂന്നാമനും ലെബനോന്‍ സന്ദര്‍ശനം നടത്തുന്ന കര്‍ദ്ദിനാള്‍ മാരിയോ ഗ്രെച്ചും തിരുകര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു.

2020 ഒക്ടോബര്‍ മാസം പുറത്തിറക്കിയ ഒരു ഡിക്രിയിലൂടെയാണ് ഇരു വൈദികരുടെയും രക്തസാക്ഷിത്വം ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. ജൂണ്‍ പത്തിന് രാജ്യത്ത് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ ഇരുവരെയും വിശ്വാസികള്‍ പ്രത്യേകം അനുസ്മരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26