ബിരിയാണിച്ചെമ്പില്‍ പ്രതിഷേധം പുകയുന്നു: സമരം ശക്തമാക്കാന്‍ പ്രതിപക്ഷവും ബിജെപിയും; പ്രതിരോധിക്കാന്‍ സിപിഎം

ബിരിയാണിച്ചെമ്പില്‍ പ്രതിഷേധം പുകയുന്നു: സമരം ശക്തമാക്കാന്‍ പ്രതിപക്ഷവും ബിജെപിയും; പ്രതിരോധിക്കാന്‍ സിപിഎം

തിരുവനന്തപുരം: ബിരിയാണി ചെമ്പില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സ്വര്‍ണം കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫും ബിജെപിയും. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ബിരിയാണിച്ചെമ്പ് ഏന്തിയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ രാജി ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

പ്രധാന കേന്ദ്രങ്ങളില്‍ ബിരിയാണി ചലഞ്ച് അടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്. തിരുവന്തപുരത്ത് മാത്രമല്ല എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.

ഡിസിസികളുടെ നേതൃത്വത്തില്‍ ഇടതടവില്ലാതെ പ്രക്ഷോഭങ്ങള്‍ നടത്തണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും കൂടുതല്‍ ശക്തമായി കളത്തിലിറങ്ങും.

കേന്ദ്രമന്ത്രി വി. മുരളീധരനെ കളത്തിലിറക്കിയാണ് ബിജെപി പിണറായി വിജയനെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കിട്ടുന്ന അവസരം കൂടിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.