നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് അയര്‍ലന്‍ഡ് പ്രസിഡന്റ്

നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് അയര്‍ലന്‍ഡ് പ്രസിഡന്റ്

ഡബ്ലിന്‍: പന്തക്കുസ്ത് ഞായറാഴ്ച നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന കൂട്ടക്കൊലയെ അപലിച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍. അയര്‍ലന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് ആണ് വിശുദ്ധ കുര്‍ബാന മധ്യേയുണ്ടായ ക്രൈസ്തവ കൂട്ടക്കൊലയ്‌ക്കെതിരേ ശക്തമായി രംഗത്തുവന്നത്.

സാധാരണക്കാര്‍ ഒത്തുകൂടുന്ന ഒരു ആരാധനാലയത്തില്‍ ഇത്തരമൊരു ക്രൂരമായ ആക്രമണം ഉണ്ടായത് ഏറെ അപലപനീയമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു ജനതയെ വീണ്ടും ബലിയാടാക്കാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണ്.

പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് കര്‍ഷകരും നാടോടികളായ ഫുലാനി ഇടയന്മാരും തമ്മില്‍ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചും പ്രസിഡന്റ് മൈക്കല്‍ പരാമര്‍ശിച്ചു.

ആഫ്രിക്കയിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളോടുള്ള ഇത്രയും കാലത്തെ അവഗണന വലിയ പ്രതിസന്ധിയിലേക്കു നമ്മെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ആഭ്യന്തരവും പ്രാദേശികവുമായ പോരാട്ടങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഈ ഭയാനകമായ കൂട്ടക്കൊലയാല്‍ മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലങ്ങള്‍ ഏല്‍പ്പിച്ച ഏറ്റവും ദുര്‍ബലരായ ഒരു ജനതയോട് നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം.

ആക്രമണത്തെ അപലപിക്കാന്‍ കാത്തലിക് ചാരിറ്റി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ഐറിഷ് പ്രസിഡന്റിന്റെ പ്രസ്താവന.

ഐറിഷ് കാത്തലിക് മിഷനറിമാരുടെ ശ്രമഫലമായി അയര്‍ലന്‍ഡിന് നൈജീരിയയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. രണ്ട് രാജ്യങ്ങളുടെയും രക്ഷാധികാരിയാണ് വിശുദ്ധ പാട്രിക്. ഇതുകൂടാതെ അയര്‍ലണ്ടില്‍ ഒരു നൈജീരിയന്‍ സമൂഹവുമുണ്ട്.

നൈജീരിയയിലെ ഓവോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് കുട്ടികളടക്കം അന്‍പതിലധികം പേര്‍ക്കാണ്. പരിക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്.

നന്മയെ തിന്മ കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നവര്‍ ആത്യന്തികമായി നന്മ ജയിക്കുമെന്നും വെളിച്ചം ഇരുട്ടിനെ മറികടക്കുമെന്നും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കൂട്ടക്കൊലയെ ശക്തമായി അപലപിച്ച് ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രാലയവും രംഗത്തുവന്നു. ഈ ഹീനമായ ക്രൂരതയ്ക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സ് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26