പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം: വനാതിർത്തി ഗ്രാമങ്ങളിലെ കർഷകർ കുടിയിറങ്ങേണ്ടി വരും

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം: വനാതിർത്തി ഗ്രാമങ്ങളിലെ കർഷകർ കുടിയിറങ്ങേണ്ടി വരും

കണ്ണൂർ: പരിസ്ഥിതി  ലോല മേഖലാ പ്രഖ്യാപനം യഥാർത്ഥത്തിൽ കൃഷിഭൂമി ഭാവിയിൽ വനമാക്കാനുളള ആസൂത്രിത നീക്കമാണെന്ന സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള വനത്തിന് പുറമെ കർഷകന്റെ ഭൂമി അപ്രഖ്യാപിതമായി ഏറ്റെടുത്തു കൊണ്ടുള്ള സംരംക്ഷണ കവചം തീർക്കൽ. വില കൊടുത്തു വാങ്ങി പട്ടയവും സകല രേഖകളുമായി പതിറ്റാണ്ടുകളായി കൈവശം വയ്ക്കുന്ന ഭൂമിയിൽ നിന്ന് ആയിരകണക്കിന് കർഷകരെ ബലപ്രയോഗം ഇല്ലാതെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കം. സംരക്ഷിത വന മേഖലയായി അറിയപ്പെടുന്ന വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിരിലൂള്ള ഭൂമി പരിസ്ഥിതി ലോല മേഖലയാക്കി (ഇഎസ് സെഡ ) കൊണ്ടുള്ള പ്രഖ്യാപനം സമീപകാലത്തെ ഏറ്റവും വലിയ കർഷക ദ്രോഹം ആയി മാത്രമെ വിലയിരുത്താനാകൂ. 0 മുതൽ 1 കിലോമീറ്റർ വരെ മാത്രമെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കൂവെന്ന വലിയ ഔദാര്യവും നേരത്തെ ബന്ധപ്പെട്ടവർ വാഗ്ദാനമാക്കി അവതരിപ്പിച്ചിരുന്നു. ആറളത്തിന് പിന്നാലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല പ്രഖ്യാപനം വന്നപ്പോൾ ഇതും കളവാണെന്ന് വ്യക്തമായി. കൊട്ടിയൂർ വന്യജീവി സങ്കേതം അതിരിൽ 2.1 കിലോമീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമാക്കിയാണ് കരടു വിഞ്ഞാപനം വന്നിരിക്കുന്നത്. അമ്പായത്തോട്, പാൽച്ചുരം ടൗണുകൾ പോലും ഇല്ലാതാകും.

ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ട് ഉണ്ടാക്കിയ പ്രതിസന്ധികൾ മാറിയെന്ന ആശ്വാസത്തിനിടയിലാണ് പുതിയ പുതിയ കർഷക ദ്രോഹ നീക്കം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിത ഫണ്ട് സ്വീകരിക്കാൻ പാവപ്പെട്ട കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കി വിടുകയാണ് ഭരണകൂടം. ഭൂമി ഏറ്റെടുക്കുന്നില്ലെന്നും ഉടമസ്ഥതയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നും ആണ് വനം അധികൃതരുടെയും പരിസ്ഥിതി വിദഗ്ധരുടെയും വാദം. ശരിയാണ്. ഭൂമി ഏറ്റെടുക്കുന്നില്ല. സ്വന്തം ഭൂമിയിൽ കൃഷിയിറക്കാനും യഥേഷ്ടം ഇറങ്ങി നടക്കാൻ പോലും ആകാത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ടു വന്ന് കൂച്ചുവിലങ്ങിടുക മാത്രമെ ഉള്ളൂ. അവസാനം സ്വന്തം ഭൂമിയിൽ സ്വാതന്ത്ര്യം ഇല്ലാതെ ഒന്നും ചെയ്യാനാവാതെ കൃഷിക്കാരൻ സ്വമേധയാ ഇറങ്ങി കൊള്ളൂം.

പരിസ്ഥിത ലോലമാക്കിയുള്ള പ്രഖ്യാപനത്തിൽ പരമാവധി സ്ഥലങ്ങളിൽ 100 മീറ്ററൊക്കെയെ എടുത്തിട്ടുള്ളുവെന്നാണ് ചില വനം - പരിസ്ഥിതി ന്യായികരണവാദികൾ എന്തോ വലിയ സഹായം ചെയ്തെന്ന നിലയിൽ പറയുന്നത്. എന്തൊരു അന്യായ വാദമുഖങ്ങളാണിത്. കർഷകന്റെ ഭൂമിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തെ ഔദാര്യമാക്കി അവതരിപ്പിക്കുന്തിലെ കപടത എത്ര വലുതാണ്. കർഷകന്റെ നെഞ്ചിൽ കയറിനിന്നുള്ള കപടത. വനം സംരംക്ഷിക്കാനെന്തിനാണ് ഇനി ഒരു സംരക്ഷണ കവചം. വനം വനമായി സംരംക്ഷിച്ചാൽ പോരെ. വനത്തിന് പുറത്തുള്ള കർഷകന്റെ ഭൂമിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഭാവിയിൽ ആ ഭൂമിയും വനം തന്നെയാക്കാനുള്ള നീക്കം പൗരന്റെ മൗലീകാവകാശ ലംഘനം തന്നെയാണ്. തങ്ങളുടെ സ്വതന്ത്ര, സുഖ സുക്ഷുപ്ത ജീവിതത്തിന് ഇനിയും വനം ഉണ്ടാക്കണമെന്നും കൃഷിക്കാരെ ഇറക്കി വിടുന്നതിൽ കുഴപ്പം ഇല്ലെന്നുമുള്ള നിലപാട് സ്വീകരിക്കുകയാണ് നഗരങ്ങളിലും ഉദ്യോഗസ്ഥ - മന്ത്രി മന്ദിരങ്ങളിലും കഴിയുന്നവർ. കർഷകന്റെ കണ്ണീർ അവർക്ക് പ്രശ്നം ഇല്ല. ആറളത്തും കൊട്ടിയൂരിലും ആണ് ഇപ്പോൾ കരട് പ്രഖ്യാപനം വന്നത്. കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ പ്രഖ്യാപനം വരും. ജനവാസ കേന്ദ്രങ്ങൾ അതിരാകുന്നിടത്ത് 0 മാത്രമായി പരിസ്ഥിതി ലോലം പ്രഖ്യാപിക്കണമെന്നും വനത്തിൽ നിജപ്പെടുത്തണമെന്നും ആവശ്യം ഉയർത്തി ശക്തമായ പ്രക്ഷോഭം ഉയർന്നു വരണം. സമരത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കേണ്ട സ്ഥിതിയാണ്. അധികാര കേന്ദ്രങ്ങളിലുള്ളവർ ഈ വിഷയത്തിൽ കപടതമുഖം സ്വീകരിക്കുന്നതിനാൽ കർഷകൻ കണ്ണീരൊഴുക്കിയാൽ മാത്രം വിജയിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കരട് വിജ്ഞാപനത്തിനെതിരെ കേന്ദ്ര - വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകാൻ വിഞ്ജാപനം ഇറങ്ങിയതു മുതൽ 60 ദിവസം സമയം ഉണ്ട്. ഇരകളാകുന്ന കർഷകരും സമാന ചിന്താഗതിക്കാരും പരാതികൾ മെയിലായി അയക്കണം.

നഷ്ടം ക്രൈസ്തവ സമൂഹത്തിന് 

വനാതിർത്തി പ്രദേശങ്ങളിൽ കഴിയുന്ന ഭൂരിഭാഗം വരുന്ന ജനവിഭാഗവും ക്രൈസ്തവരാണ്. അതിനാൽ പരിസ്ഥിത ലോല പ്രഖ്യാപനത്തിന്റെ പേരിൽ കുടിയിറങ്ങേണ്ടി വരുന്നതും നഷ്ടം സഹിക്കേണ്ടി വരുന്നതും പ്രധാനമായി ക്രൈസ്തവ സമൂദായത്തിനാണ്. 

ആറളം, കേളകം, കൊട്ടിയൂർ വില്ലേജുകളിൽ സ്തംഭനാവസ്ഥ

ഇരിട്ടി. ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റും 12.91 കിലോമീറ്ററും പരിസ്ഥിതി ലോല മേഖല (ഇഎസ് സെഡ്) ആക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ ആറളം, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജനജീവിതം സ്തംഭനാവസ്ഥയിലായി. 1000 ത്തിലേറെ കുടുംബങ്ങളെ നേരിട്ട് പ്രതിസന്ധി ബാധിക്കും. ആറളം വന്യജീവി സങ്കേതത്തിന് ചുറ്റും 100 മീറ്ററാണെങ്കിൽ കൊട്ടിയൂർ വന്യജീവി സങ്കതത്തിന് ചുറ്റും 2.1 കിലോമീറ്റർ വരെയാണ് ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമാക്കിയിരിക്കുന്നത്. 1000 ത്തോളം വീടുകളെ നേരിട്ടും 2000 ത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കും. 

അതിരുകൾ 

ആറളം വന്യജീവി സങ്കേതത്തിന്റെ തെക്ക് വശത്ത് വളയംചാൽ മുതൽ രാമച്ചി വരെ 12.1 കിലോമീറ്ററും തെക്ക് പടിഞ്ഞാറ് ചീങ്കണ്ണിപ്പുഴയ്ക്കപ്പുറവും പടിഞ്ഞാറ് ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും അതിരിലായി 11 കിലോമീറ്റർ നീളവുമാണ് 100 മീറ്റർ വീതിയിൽ പരിസ്ഥിതി ലോലം 

കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ വടക്ക് കിഴക്ക് ഭാഗത്ത് 2.1 കിലോമീറ്ററും കിഴക്ക്, തെക്ക്്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ 1 കിലോമീറ്റർ വീതവും പരിസ്ഥിത ലോലം

കർഷകരുടെ ആവശ്യം 

നിലവിലുള്ള വന മേഖലയ്ക്ക് സംരംക്ഷണ കവചം എന്നത് ആവശ്യമുള്ളതല്ല. പരിസ്ഥിതി ലോലം എന്നത് വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തണം. കാർഷിക വിളകളുടെ വിലതകർച്ച, ഉൽപ്പാദന കുറവ്, പ്രളയം എന്നീ പ്രതിസന്ധികൾ മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽ പിൻമാറണം.

എന്താണ് പരിസ്ഥിതി ലോല മേഖല അഥവാ ഇക്കോ സെൻസിറ്റീവ് സോൺ 

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിത വനമേഖലകൾ എന്നിവയ്ക്കു ചുറ്റുമുള്ള സ്ഥലം ഏറ്റെടുത്ത് വനത്തിന് സംരക്ഷണ കവചം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയം 10 കിലോമീറ്റർ പറഞ്ഞത് സംസ്ഥാനം 0 മുതൽ 1 കിലോമീറ്ററാക്കിയാണ് ശുപാർശ നൽകിയിരിക്കുന്നത്. പരിസ്ഥിത സംരംക്ഷണ നിയമം 1986 ന്റെ മൂന്നാം വകുപ്പ്, അഞ്ചാം വകുപ്പ്, ഒന്നാം ഉപവകുപ്പ്, വന്യജീവി സംരക്ഷണ നിയമം 1972 ന്റെ 5 ഇ (1) വകുപ്പ് എന്നിവ ഉപയോഗപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നത്.

വിദേശ കാർബൺ ഫണ്ട് സ്വീകരിക്കൽ ലക്ഷ്യം 

ലോകത്ത് മാനവരാശിയുടെ നിലനിൽപിന് ഏക്കാലവും സംരംക്ഷിക്കപ്പെടേണ്ട ലോക പൈതൃകങ്ങളുടെ പട്ടികയിൽ പശ്ചിമഘട്ടവും ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്നെ പശ്ചിമഘട്ട വനമേഖലയ്ക്ക് ഒരു കോട്ടവും തട്ടാതിരിക്കുകയെന്നത് വിദേശ രാജ്യങ്ങളുടെ, പ്രധാനമായും വികസിത, വികസ്വര രാജ്യങ്ങളുടെ ലക്ഷ്യമാണ്. ഇതിനായി യുനെസ്‌കോ ഉൾപ്പെടെയുളള രാജ്യാന്തര ഏജൻസികളിലൂടെ നൽകപ്പെടുന്ന കാർബൺ ഫണ്ട് സ്വീകരിക്കാൻ അവർ നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിനും കൂടിയാണ് സർക്കാർ സംവിധാനങ്ങളും വനം ഉദ്യോഗസ്ഥരും ചേർന്ന് കർഷകരുടെ താൽപര്യങ്ങൾ തള്ളി ഈ നിയമം നടപ്പാക്കാൻ ശക്തമായി നില കൊള്ളുന്നത്. 

മന്ത്രിയുടെ വാഗ്ദാനവും നടപ്പായില്ല

നിർദിഷ്ട സമയ പരിധിയിൽ റിപ്പോർട്ട് നൽകിയില്ലെങ്കിൽ സംരക്ഷിത വനങ്ങളുടെ 10 കിലോമീറ്റർ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്ത്യശാസനം നൽകിയിരുന്നു. ഈ ഘട്ടത്തിൽ നിർദേശം നടപ്പാക്കിയെ പറ്റുവെന്നതിനാലാണ് 0 മുതൽ 1 കിലോമീറ്റർ വരെ നിശ്ചയിച്ച് സംസ്ഥാനം റിപ്പോർട്ട് നൽകിയതെന്നാണ് വനം മന്ത്രി കെ.രാജു ആശങ്ക അറിയിച്ച് തന്നെ സന്ദർശിച്ച തലശ്ശേരി ആർച്ച് ബിഷപ് മാർ. ജോർജ് ഞരളക്കാട്ട്, സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി, ഫാ. മാത്യു ആശാരിപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തര മലബാർ കർഷക പ്രക്ഷോഭ പ്രതിനിധി സംഘത്തോട് വ്യക്തമാക്കിയത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്നും അദേഹം ആവർത്തിച്ച് ഉറപ്പു നൽകുന്നെങ്കിലും കരട് ഇറങ്ങിയപ്പോൾ കർഷകദ്രോഹം വ്യക്തമായി. 

പരിസ്ഥിതി ലോലത്തിൽ 2 വിഭാഗങ്ങളിലായി 33 ഇനങ്ങളിൽ താമസക്കാർക്ക് കൂച്ചുവിലങ്ങ് വീഴും 

1) നിരോധനങ്ങൾ

1. നിലവിവുള്ള ക്വാറികളും ക്രഷറുകളും മറ്റു ഖനനങ്ങളും തൽസമയം നിരോധിച്ചിരിക്കുന്നു.

2. വെള്ളം, മണ്ണ്്, വായു, ശബ്ദം എന്നിവ മലിനീകരിക്കുന്ന വ്യവസായ - കാർഷിക സ്ഥാപനങ്ങൾ പാടില്ല.

3. ജലവൈദ്യുത പദ്ധതികൾ പാടില്ല

4. ഏതൊരു സ്ഥാപനത്തിന്റെയും നിർമാണവും ഉപയോഗവും പാടില്ല

5. കാർഷികപരമായ മാലിന്യങ്ങൾ ഉൾപ്പെടെ സംസ്‌കരിക്കാതെ മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുവാൻ പാടുള്ളതല്ല.

6. മെഡിക്കൽ മാലിന്യങ്ങളോ, ഖരമാലിന്യങ്ങളോ ഈ പ്രദേശത്ത് നിക്ഷേപിക്കരുത്.

7. പുതിയ ഈർച്ചമില്ലുകൾക്ക് അനുവാദമില്ല. ഉള്ളവ പുനർനിർമിക്കാൻ പാടുള്ളതല്ല.

8. ഇഷ്ടിക നിർമാണങ്ങൾ നിരോധിച്ചിരിക്കുന്നു.

2) നിയന്ത്രണങ്ങൾ

1. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിൽ മാത്രമെ ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കാൻ പാടുള്ളു. 

2. ഒരു കിലോമീറ്ററിന്റെ പരിധിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു നിർമാണവും അനുവദിക്കുന്നതില്ല.

3. പ്രാദേശിക ആളുകൾക്ക് അവരുടെ താമസ സൗകര്യങ്ങളും മറ്റും നടത്തണമെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

4. ചെറുകിട വ്യവസായങ്ങൾ മലിനീകരണങ്ങൾ ഇല്ലാത്തതു പോലും കുറഞ്ഞ അളവിൽ മാത്രമെ അനുവാദം നൽകുകയുള്ളൂ.

5. പരിസ്ഥിതി ലോല മേഖലയുടെ പുറത്തുള്ള ഭാഗത്തും നിയന്ത്രണമുണ്ട്.

6. ചെറുകിട വ്യവസായങ്ങൾ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ 2016 ആക്ട് അനുസരിച്ച് ചെറുകിട സഹകരണ വ്യവസായങ്ങൾ, കൃഷി, പൂന്തോട്ട കൃഷി, കാർഷിക വ്യവസായങ്ങൾ എന്നിവയും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

7. ഗവ. സ്ഥലത്തോ, സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ മരം മുറിച്ചു മാറ്റുന്നതിന് മുൻകൂർ അനുമതി വാങ്ങണം.

8. നിലവിലുള്ള വനം നിയമങ്ങൾ ബാധകമായിരിക്കും.

9. തടിയല്ലാത്ത വനം ഉൽപ്പന്നങ്ങൾ നിയന്ത്രണവിധേയമാണ്.

10. വൈദ്യുതി, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

11. അടിസ്ഥാന സൗകര്യ വികസനം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

12. പുതിയ റോഡിന്റെ പണിയും വീതിക്കൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

13. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട മറ്റ വികസനങ്ങൾ. ( ഹെലികോപ്ടർ, എയർബലൂൺ തുടങ്ങിയവ.)

14. മലഞ്ചെരിവുകളിലുള്ള കാർഷിക ഭൂമികൾ നിയന്ത്രണവിധേയമാണ്.

15. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹന ഗതാഗതം നിയന്ത്രണ വിധേയമാണ്. ( ബസ്, ഓട്ടോ, ലോറി, ടാക്‌സി ജീപ്പ്, ടാക്‌സി കാർ)

16. താമസക്കാർക്ക് നിലവിലുള്ള കൃഷികൾ തുടർന്നു പോകുന്നതിന് നിയന്ത്രണം ഉണ്ട്. ( മീൻ കൃഷി, കന്നുകാലി വളർത്തൽ, തോട്ടകൃഷി, പുറംപോക്ക് കൃഷി).

17. വലിയ രീതിയിലുള്ള കോഴിഫാമുകൾ, ഡയറി ഫാമുകൾ എന്നിവ കമ്പിനികളുടെയോ ഫാമുകളുടെയോ സഹായത്താൽ നടത്താൻ പാടില്ല.

18. മലിന ജലമോ, വസ്തുക്കളോ വെള്ളത്തിലോ, കരയിലോ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഉണ്ട്.

19. കുഴൽ കിണറുകളുടെയും കിണറുകളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം നിയന്ത്രണവിധേയമാണ്.

20. കാർഷിക ആവശ്യത്തിനുള്ള കിണറുകളും കുഴൽ കിണറുകളും നിയന്ത്രണ ബോർഡിന്റെ കർശന മേൽനോട്ടത്തിലായിരിക്കും.

21. ഖരമാലിന്യം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

22. വിദേശ ഇനങ്ങൾ (സസ്യങ്ങൾ, ജന്തുക്കൾ) ഉപയോഗിക്കാൻ നിയന്ത്രണം ഉണ്ട്.

23. പരിസ്ഥിതി സൗഹൃദ വിനോദം നിയന്ത്രണവിധേയമാണ്.

24 കാർഷിക പൊളിത്തീൻ ബാഗുകളുടെ ഉപയോഗം നിയന്ത്രണ വിധേയമാണ്.

25. വാണിജ്യാടിസ്ഥാനത്തിലുള്ള എല്ലാ പരസ്യ ബോർഡുകളും നിയന്ത്രണ വിധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.