മുഖ്യമന്ത്രിയുടെ രാജി: കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ച് ഇന്ന്

മുഖ്യമന്ത്രിയുടെ രാജി: കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി നിര്‍വഹിക്കും.

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരന്‍ എം.പി, കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കണ്ണൂരില്‍ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രന്‍, മലപ്പുറത്ത് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, വയനാട്ടില്‍ ടി. സിദ്ധിഖ് എം.എല്‍.എ, തൃശൂരില്‍ ബെന്നി ബഹനാന്‍ എം.പി, പാലക്കാട്ട് വി.കെ. ശ്രീകണ്ഠന്‍ എം.പി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, പത്തനംതിട്ടയില്‍ വി.ടി. ബല്‍റാം, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി തുടങ്ങിയവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചു.

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുല്‍ത്താന്‍പേട്ട സിഗ്‌നല്‍ ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചത് ഉന്തിനുംതള്ളിനും ഇടയാക്കി.

പാലക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിരിയാണി ചെമ്പുമായി സുല്‍ത്താന്‍പേട്ട സിഗ്‌നല്‍ ഉപരോധിച്ചു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധങ്ങള്‍ ഇന്നും തുടരാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.