സില്‍വര്‍ ലൈന്‍: കേന്ദ്രാനുമതി ഇല്ലാതെ എങ്ങനെ സര്‍വേ നടത്താനാകുമെന്ന് ഹൈക്കോടതി

സില്‍വര്‍ ലൈന്‍: കേന്ദ്രാനുമതി ഇല്ലാതെ എങ്ങനെ സര്‍വേ നടത്താനാകുമെന്ന്  ഹൈക്കോടതി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതി ഇല്ലാതെ എങ്ങനെ സാമൂഹ്യാഘാത പഠനവും സര്‍വേയും നടത്താനാകുമെന്ന് ഹൈക്കോടതി.

കെ റെയില്‍ കമ്പനി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണെന്നിരിക്കെ കേന്ദ്ര അനുമതിയില്ലാതെ എങ്ങനെ സര്‍വേ നടത്താനാവും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സര്‍വേ നടത്താനോ കല്ലുകള്‍ സ്ഥാപിക്കാനോ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു. സംസ്ഥാന പദ്ധതിയായതിനാല്‍ കേന്ദ്രാനുമതി വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനപ്രകാരം സര്‍വേ നടത്തുന്നത് അക്രഡിറ്റഡ് ഏജന്‍സിയാണെന്നും വ്യക്തമാക്കി. എന്നാല്‍ മാഹിയിലൂടെ ലൈന്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ കേന്ദ്രാനുമതി വേണമെന്ന് ഹര്‍ജിക്കാരും വാദിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

സര്‍വേ ഇപ്പോള്‍ നടക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ജിയോ ടാഗ് മുഖേനയാണ് സര്‍വേ നടത്തുന്നതെന്നും ബഹളങ്ങളില്ലാതെ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതല്ലേ ആദ്യം മുതലേ പറയുന്നതെന്നു ചൂണ്ടിക്കാട്ടിയ സിംഗിള്‍ബെഞ്ച് അങ്ങനെയായിരുന്നെങ്കില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെന്നും പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി ജൂണ്‍ 22 ലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.