ജലീലിന്റെ പരാതിയിലെ കേസ് പിന്‍വലിക്കണം: പി സി ജോര്‍ജും സ്വപ്നയും ഹൈക്കോടതിയിലേക്ക്

ജലീലിന്റെ പരാതിയിലെ കേസ് പിന്‍വലിക്കണം: പി സി ജോര്‍ജും സ്വപ്നയും ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി ജലീല്‍ നല്‍കിയ പരാതിയിന്‍ മേലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷും പി.സി ജോര്‍ജും ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സ്വപ്ന വ്യക്തമാക്കുന്നത്. ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് സ്വപ്നയ്ക്കും പി.സി ജോര്‍ജിനും എതിരെ കേസെടുത്തത്. കോടതിയില്‍ പി.സി ജോര്‍ജും ഹര്‍ജി നല്‍കും.

സ്വപ്നയും പി.സി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളാണ് ജലീല്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. നിയമോപദേശത്തിത്തെ തുടര്‍ന്ന് 123 ബി, 150 വകുപ്പുകളനുസരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം കേസില്‍ താനെങ്ങനെ പ്രതിയായെന്ന് പി സി ജോര്‍ജ് ചോദിക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ രണ്ടാം പ്രതിയാണ് താനെന്നും, എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ലെന്നുമാണ് പി.സി. ജോര്‍ജ് പറയുന്നത്. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്നമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായിയുടെ പേരില്‍ ഒരായിരം കേസെടുക്കണമെന്നും പി സി പറഞ്ഞു.

ജയിലില്‍ കിടക്കുന്ന ഒരു സ്ത്രീയെ അവിടെയിട്ട് പീഡിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം, മുഖ്യമന്ത്രി താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണെന്നും പി.സി.ജോര്‍ജ് ചോദിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന പലര്‍ക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എതിരേ അടക്കം. പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനോ ഭാര്യക്കോ മക്കള്‍ക്കോ എതിരേ ആരോപണം വന്നിട്ടില്ല. പിണറായി വിജയന്റെ ഭാര്യയും മകളും സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയാണെന്ന് പറഞ്ഞിരിക്കുന്നത് കേസിലെ രണ്ടാം പ്രതിയാണെന്നും പി സി ജോര്‍ജ് തുറന്നടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.