മുംബൈ: ലോക കോടീശ്വരന്മാരായ ജെഫ് ബെസോസും മുകേഷ് അംബാനിയും ഐ പി എല്‍ സംപ്രേഷണ അവകാശങ്ങള്‍ക്കായി പോരാടാനൊരുങ്ങുന്നു. ജൂണ്‍ 12ന് നടക്കുന്ന ഐ പി എല്‍ ലേലത്തില്‍ ശതകോടീശ്വരന്മാരുടെ കമ്പനികള്‍ പങ്കെടുക്കും. 7.7 ബില്യണ്‍ ഡോളറിന്റെ ക്രിക്കറ്റ് സംപ്രേഷണ അവകാശങ്ങള്‍ക്കായാണ് ജെഫ് ബെസോസും അംബാനിയും പോരാടുന്നത്.
കഴിഞ്ഞ സീസണ്‍ വരെ അവകാശങ്ങള്‍ കൈവശം വച്ചിരുന്ന വാള്‍ട്ട് ഡിസ്‌നി കമ്പനിയും സോണി ഗ്രൂപ്പ് കോര്‍പ്പറേഷനുമാണ് പ്രധാന എതിരാളികള്‍. അഞ്ച് വര്‍ഷത്തെ ഐ പി എല്‍ കാണിക്കാനുള്ള അവകാശങ്ങളാണ് വിജയികള്‍ നേടുക. അര ഡസന്‍ ആഗോള സ്പോര്‍ട്‌സ് ഇനങ്ങള്‍ക്കിടയില്‍ നിന്ന് ഐപിഎല്ലിനെ തിരഞ്ഞെടുത്ത ആമസോണ്‍ ലേലം പിടിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
നാഷണല്‍ ഫുട്‌ബോള്‍ ലീഗ് ഓണ്‍ലൈനില്‍ കാണിക്കുന്നതിനുള്ള അവകാശങ്ങള്‍ക്കായി ആമസോണ്‍ പ്രതിവര്‍ഷം ഏകദേശം 100 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ട്. റിലയന്‍സും രണ്ടും കല്‍പിച്ചാണ്. അറുപത്തിയഞ്ചുകാരനായ അംബാനി കഴിഞ്ഞ വര്‍ഷം തന്നെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. റിലയന്‍സിന്റെ വാര്‍ റൂമില്‍ അംബാനിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ മനോജ് മോഡിയും മൂത്ത മകന്‍ ആകാശ് അംബാനിയും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ഫോക്സിന്റെയും പിന്നീട് ഡിസ്നിയുടെ ഇന്ത്യ- ഏഷ്യാ -പസഫിക് പ്രവര്‍ത്തനങ്ങളുടെയും മുന്‍ മേധാവി ഉദയ് ശങ്കറും ടീമിന് കരുത്ത് പകരും.
പ്രേക്ഷകരുടെ ബാഹുല്യമാണ് ലോക കോടീശ്വരന്മാരെ ഐ പി എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ പി എല്‍ കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.