ഭര്‍തൃവീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍; നിര്‍ണായകമായത് ക്രൈംബ്രാഞ്ച് അന്വേഷണം

ഭര്‍തൃവീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍; നിര്‍ണായകമായത് ക്രൈംബ്രാഞ്ച് അന്വേഷണം

തൃശൂര്‍: വിവാഹം കഴിഞ്ഞ് പതിനാലാം ദിനം ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. പെരിങ്ങോട്ടുകര കരുവേലി അരുണ്‍ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്‌മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയെ (26) 2020 ജനുവരി ആറിന് ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടര വര്‍ഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടു നീങ്ങാത്തതില്‍ പ്രതിഷേധിച്ചു ശ്രുതിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ക്രൈം ബ്രാഞ്ചിന് കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഏഴുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. എന്നാല്‍, സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് ശ്രുതിയെ അരുണ്‍ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മരണമെന്ന് കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.