തിരുവനന്തപുരം: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണ നിലവാരം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പബ്ളിക്ക് ഹെല്‍ത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പരിശോധിച്ചത്. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ കോളി (കോളിഫോം ) ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തില്‍ ക്ലോറിനേഷന്‍ നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്‍കി.
കായംകുളം പുത്തന്‍ റോഡ് യുപി സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. തുടര്‍ന്ന് ഭക്ഷ്യ വസ്തുക്കള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കുട്ടികളുടെ സാംപിളുകളില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. സാംപിള്‍ എല്ലാം നെഗറ്റീവ് ആണ്. ആലപ്പുഴ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആരോഗ്യ വകുപ്പ് ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.