ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം നല്ലതായിരിക്കില്ല; ഡോളര്‍ കടത്ത് വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം നല്ലതായിരിക്കില്ല; ഡോളര്‍ കടത്ത് വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം: ഡോളര്‍ കടത്തില്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ചു പറയാന്‍ സാധിക്കുന്ന നിലയല്ല നമ്മുടെ നാട്ടിലുള്ളത്. ഈ നാടിന്റെ സംസ്‌കാരവും രീതികളും മാറ്റി ഭിന്നത വളര്‍ത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

കെജിഒഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു മുഖ്യമന്ത്രി. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായത്. അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ജനം തങ്ങളെ അധികാരത്തിലേറ്റിയത്. ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല.

ഇതെല്ലാം പറഞ്ഞതു കൊണ്ട് അങ്ങനെ ഇളക്കി കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സില്ലാത്ത നാക്കു കൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളില്‍ നാം കണ്ടു. വിരട്ടനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാല്‍ മതി, അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്.

ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തികളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. കറുത്ത ഷര്‍ട്ടോ കറുത്ത മാസ്‌ക്കോ ഇട്ടവര്‍ക്ക് സമ്മേളനം നടക്കുന്നതിന്റെ പരിസരത്തേക്ക് പോലും പ്രവേശനം അനുവദിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.