മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷ: കറുത്ത മാസ്‌കിനും വിലക്ക്; സംസ്ഥാനത്ത് വന്‍ പ്രതിഷേധം

മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷ: കറുത്ത മാസ്‌കിനും വിലക്ക്; സംസ്ഥാനത്ത് വന്‍ പ്രതിഷേധം

കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും കര്‍ശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തില്‍ ഇന്ന് രാവിലെ കണ്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.

കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നല്‍കിയ നിര്‍ദേശം. കനത്ത സുരക്ഷയ്ക്കിടെ കോട്ടയത്ത് രണ്ട് ഇടത്ത് കരിങ്കൊടി കാണിച്ച് പ്രതിഷേധം നടന്നു. നാഗമ്പടത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബിജെപി പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഫോട്ടോ പതിപ്പിച്ച പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് ലീഗും പ്രതിഷേധിച്ചു.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാര്‍സര്‍ഗോഡ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കണ്ണൂരും പാലക്കാടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൂടാതെ കോഴിക്കോട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പ് തന്നെ പൊതുജനത്തിന്റെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ കോട്ടയം നഗരത്തില്‍ വഴി യാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നല്‍കിയ നിര്‍ദേശം.

എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളന നഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റേതടക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.