പാലക്കാട്: അട്ടപ്പാടി മധുവിന്റെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസില്‍ ബന്ധുക്കള്‍ അടക്കം കൂറു മാറിയ സാഹചര്യത്തിലാണ് അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മല്ലി പറഞ്ഞു. മകന് നീതി വേണം എന്നും മല്ലി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി പറഞ്ഞു.
കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്ന വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കുടുംബം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് ചൊവ്വാഴ്ച വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും അല്ലാത്ത പക്ഷം ചൊവ്വാഴ്ച സാക്ഷി വിസ്താരം പുനരാരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറുകയും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മധുവിനെ മര്‍ദിക്കുന്നത് കണ്ടു എന്ന് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയവരാണ് പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും. എന്നാല്‍ സാക്ഷി വിസ്താരത്തിനിടെ നേരത്തെ നല്‍കിയ മൊഴി ഇരുവരും നിഷേധിച്ചു. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയില്‍ തിരുത്തി പറഞ്ഞു.
പ്രതികള്‍ പലവിധത്തില്‍ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നാണ് മധുവിന്റെ സഹോദരി സരസു പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്നും അതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നുമുള്ള ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.