'ഷാജ് പറഞ്ഞതെല്ലാം സംഭവിക്കുന്നു, അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതി'; മാധ്യമങ്ങള്‍ക്കു മുന്നില്‍ കുഴഞ്ഞു വീണ് സ്വപ്ന

'ഷാജ് പറഞ്ഞതെല്ലാം സംഭവിക്കുന്നു, അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതി'; മാധ്യമങ്ങള്‍ക്കു മുന്നില്‍ കുഴഞ്ഞു വീണ് സ്വപ്ന

പാലക്കാട്: മാധ്യമങ്ങളോട് സംസാരിക്കവെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഴഞ്ഞു വീണത്. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്താ സമ്മേളനത്തിന് ശേഷം ചോദ്യങ്ങളിലേക്ക് കടക്കുന്നതിനിടെ സ്വപ്ന അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.

സംസാരിക്കുന്നതിനിടെ സ്വപ്ന ക്ഷോഭിക്കുകയും വിതുമ്പുകയും ചെയ്തിരുന്നു. പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയാണെന്നും എന്തിനാണ് തന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതെന്നും സ്വപ്ന ചോദിച്ചു. തന്റെ കൂടെയുള്ളവരെ നിരന്തരം ആക്രമിക്കാതെ തന്നെ ഒറ്റയടിക്ക് കൊന്നുകൂടെ. ഒരു കാരണവുമില്ലാതെ ഭീകരവാദിയെ പോലെയാണ് തന്നെ വേട്ടയാടുന്നതെന്നും ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു.

മാത്രമല്ല കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മുഴുവന്‍ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നല്‍കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ബാക്കി കാര്യം ചെയ്യാം. ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയില്‍ പറഞ്ഞത് പോലെ അഭിഭാഷകനെതിരേയും കേസെടുത്തു. തനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയാണ്. ഇപ്പോള്‍ മനസിലാക്കാന്‍ കഴിയില്ലേ എന്ത് തരം ആക്രമണമാണ് താന്‍ നേരിടുന്നതെന്നും സ്വപ്ന ചോദിച്ചു.

ഇടനിലക്കാരന്‍ ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ ഇന്ന് സംഭവിച്ചു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന പറഞ്ഞു.

സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൃഷ്ണരാജിനെതിരെ മത നിന്ദ ആരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.