തൃശൂരില്‍ മുഖ്യമന്ത്രിക്കായി റോഡ് അടച്ചിട്ടത് 12 മണിക്കൂര്‍; നാട്ടുകാരുടെ കറുത്ത മാസ്‌കുകള്‍ അഴിപ്പിച്ച് പൊലീസ്, പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്

തൃശൂരില്‍ മുഖ്യമന്ത്രിക്കായി റോഡ് അടച്ചിട്ടത് 12 മണിക്കൂര്‍; നാട്ടുകാരുടെ കറുത്ത മാസ്‌കുകള്‍ അഴിപ്പിച്ച് പൊലീസ്, പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്

തൃശൂര്‍: മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കാന്‍ പൊതുജനത്തെ ബന്ദിയാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. തൃശൂര്‍ നഗരമധ്യത്തിലെ പാലസ് റോഡ് 12 മണിക്കൂറില്‍ അധികമാണ് അടച്ചിട്ടത്. ആശുപത്രി ആവശ്യങ്ങള്‍ക്കായി പോയവരെ പോലും പൊലീസ് തടഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

മുഖ്യമന്ത്രി രാമനിലയത്തില്‍ താമസിക്കുന്നുണ്ടെന്ന പേരു പറഞ്ഞാണ് പൊലീസ് സാധാരണക്കാരെ ബന്ദിയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ വൈകിട്ട് 6.45 ന് അടച്ച റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.

രാമനിലയം ഗസ്റ്റ് ഹൗസില്‍ മാത്രം സുരക്ഷയൊരുക്കാന്‍ 50 പൊലീസുകാരെയാണ് നിയോഗിച്ചത്. പാലസ് റോഡില്‍ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയും നിയോഗിച്ചു.

ചങ്ങരംകുളം ജില്ലാ അതിര്‍ത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂര്‍ എസിപി രാജു, കുന്നംകുളം എസിപി ഷിനോജ് എന്നിവരുടെ നേതൃത്വത്തില്‍ 100 ലേറെ പൊലീസുകാരെയും കൂടുതലായി വിന്യസിച്ചിരുന്നു. കറുത്ത മാസ്‌ക് ധരിച്ച് വഴിയെ പോകുന്നവരെയും പൊലീസ് തടയുന്നുണ്ട്. കറുത്ത മാസ്‌ക് വാങ്ങി നശിപ്പിച്ച ശേഷാണ് പൊലീസ് സാധാരണക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങള്‍. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.