ജന്മനാട്ടിലും മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ജന്മനാട്ടിലും മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ജന്മനാടായ കണ്ണൂരിലും പ്രതിഷേധം. മുഖ്യമന്ത്രി താമസിച്ച കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധിക്കാനെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയാണ് കണ്ണൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി തളിപറമ്പില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് പ്രതിഷേധം.

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാസന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി 500-ല്‍പരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചത്. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലും പൊതുപരിപാടി നടക്കുന്ന കില തളിപ്പറമ്പ് കാമ്പസിലും പ്രതിഷേധ സാധ്യതയുണ്ട്. സഞ്ചാരപാതയില്‍ എവിടെയൊക്കെ പ്രതിഷേധമുണ്ടാകുമെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ പങ്കെടുക്കുന്ന പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും കില കാമ്പസില്‍ എത്തണമെന്നാണ് പൊലീസ് നിര്‍ദേശം. വേദിയില്‍ ഇരിക്കുന്നവരുടെ വാഹനങ്ങള്‍ മാത്രമേ അകത്തേക്ക് കടത്തിവിടൂ.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലുള്ള സാഹചര്യത്തില്‍ സംസ്ഥാന പാതയില്‍ മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ മുതല്‍ ഉച്ചക്ക് മുഖ്യമന്ത്രിയുടെ പരിപാടി തീരുന്നതുവരെ വാഹനഗതാഗതത്തിന് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍, ആംബുലന്‍സുകളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു.

കരിമ്പം കില കാമ്പസില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും ഈ തീരുമാനം കൈക്കൊണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.