ഇന്തോനേഷ്യയില്‍ മത തീവ്രവാദം പിടിമുറുക്കുന്നു; തടയാനാകാതെ സര്‍ക്കാര്‍

ഇന്തോനേഷ്യയില്‍ മത തീവ്രവാദം പിടിമുറുക്കുന്നു; തടയാനാകാതെ സര്‍ക്കാര്‍

ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ മത തീവ്രവാദം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വ്യാപനം തടയാന്‍ ആവുംവിധം സര്‍ക്കാരും സാമൂഹ്യ സംഘടനകളും ശ്രമിക്കുന്നുണ്ടെങ്കിലും ഭയാനകമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതിന്റെ സൂചനകളാണ് ഇന്തോനേഷ്യയിലെ മത, രാഷ്ട്രീയ മേഖലകളിലെ ചലനങ്ങള്‍ നല്‍കുന്നത്.

തീവ്രവാദ സാധ്യത മുന്നില്‍ കണ്ട് ഹിസ്ബുത്തഹ്രീര്‍ ഇന്തോനേഷ്യ (എച്ച്ടിഐ), ഇസ്ലാമിക് ഡിഫന്‍ഡേഴ്സ് ഫ്രണ്ട് (എഫ്പിഐ) പോലുള്ള സംഘടനകളെ നിരോധിച്ചെങ്കിലും ഇവയിലൊക്കെ പ്രവര്‍ത്തിച്ച ആളുകള്‍ മറ്റ് പേരുകളില്‍ സംഘടനകള്‍ രൂപീകരിച്ച് ഇപ്പഴും മത തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇന്തോനേഷ്യയെ പരിപൂര്‍ണ ഇസ്ലാമിക രാഷ്ടമാക്കുകയെന്നതാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം.

സായുധ അക്രമണങ്ങളിലൂടെയും ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെയും ആളുകളെ കൊന്നൊടുക്കുന്ന രീതിയില്‍ നിന്ന് മാറി പ്രസംഗം പോലുള്ള സമാധാന ആശയ സംവേദന മാര്‍ഗങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവും മതവിദ്വേഷവും സൃഷ്ടിക്കുകയെന്ന തന്ത്രമാണ് ഇത്തരക്കാര്‍ സ്വീകരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ രാജ്യത്താകെ വിശാലമായ അംഗീകാരം നേടിയെടുക്കാമെന്ന് ജിഹാദികള്‍ വിശ്വസിക്കുന്നു. ഇതിനായി രാജ്യത്തുടനീളം കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അനുയായികളെ സൃഷ്ടിക്കുകയുമാണ് ഇവര്‍ ചെയ്തുവരുന്നത്.

ഭീകരാക്രമണങ്ങളെക്കാള്‍ ഫലവത്തായി, വര്‍ഗീയ ആശയ പ്രചാരണ രീതിയെ ജിഹാദി പ്രസ്ഥാനം കാണുന്നു. സമാധാന കാംക്ഷികളായ ആളുകളിലേക്ക് വേഗത്തില്‍ ആശയങ്ങള്‍ എത്തിക്കാന്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ സാധ്യമാക്കുമെന്ന്് ഇവര്‍ക്കറിയാം. ഇതിനായി രാജ്യത്തെ മുസ്‌ലീം സമുദായങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുകയും 'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇന്തോനേഷ്യ' യുടെ സൃഷ്ടിയെ പിന്തുണയ്ക്കുമെന്ന് കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നില്‍ അണിനിരക്കുകയും ചെയ്യുന്നു. അതോടൊപ്പം 'പാന്‍കാസില' എന്ന ഇന്തോനേഷ്യയുടെ മതേതര പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുകയും തീവ്ര ഇസ്ലാമിക ആശയങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഇതിലെ അപകടം മനസിലാക്കിയ സര്‍ക്കാര്‍ പടിഞ്ഞാറന്‍ ജാവയിലും ജക്കാര്‍ത്തയിലെ സബര്‍ബന്‍ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തതിനും വിദ്വഷ പ്രസംഗം നടത്തിയതിനും പുതിയ ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ പരമോന്നത നേതാവ് അബ്ദുള്‍ ഖാദിര്‍ ഹസന്‍ ബരാജയെ ജൂണ്‍ ഏഴിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. അനുയായികള്‍ തെരുവില്‍ ഇറങ്ങുകയും ബരാജയുടെ മോചനം ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം എഫ്പിഐ സ്ഥാപകന്‍ മുഹമ്മദ് റിസീഖ് ഷിഹാബിനെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തതും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. 78 കാരനായ ബരാജക്ക് രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.



1985ല്‍ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ബുദ്ധമത പുണ്യസ്ഥലമായ ബോറോബുദൂര്‍ ക്ഷേത്രം നശിപ്പിച്ചതുള്‍പ്പെടെ സെന്‍ട്രല്‍ ജാവയിലെ ബോംബ് ആക്രമണത്തിന് പിന്നില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചതായി സൂചനകള്‍ പൊലീസ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കത്തോലിക്ക ഭൂരിപക്ഷമുള്ള കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയില്‍ ജനങ്ങളെ വര്‍ഗീയ ചേരിതിരിവുകളിലേക്ക് നയിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയതിന്റെ തെളിവുകളും പൊലീസിന് കിട്ടി.

മുസ്‌ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ ഇസ്ലാം മതത്തിന് പുറമേ ബുദ്ധമതം, ക്രിസ്ത്യന്‍, കണ്‍ഫ്യൂഷ്യനിസം, ഹിന്ദുമതം, ഇസ്ലാം, പ്രൊട്ടസ്റ്റന്റിസം മതവിശ്വാസങ്ങളും 200 ഓളം പരമ്പരാഗത വിശ്വാസങ്ങളുമുണ്ട്. 28 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയില്‍ 9.87 ശതമാനമാണ് ക്രിസ്ത്യന്‍ പ്രാതിനിധ്യം. അതായത് 2.76 കോടി ജനങ്ങള്‍. 1.61 ശതമാനം ഹിന്ദുക്കളും 0.72 ശതമാനം ബുദ്ധമതക്കാരുമാണ്.

അടുത്തിനെ ഇന്തോനേഷ്യന്‍ മതകാര്യ മന്ത്രി യാക്കൂത്ത് ചോലില്‍ ക്വമാസ് മാര്‍പ്പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ക്ഷണം. ഇന്തോനേഷ്യയെക്കുറിച്ച് കൂടുതലറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വത്തിക്കാനില്‍ തന്നെ സന്ദര്‍ശിച്ച മന്ത്രി ക്വമാസിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു.

രാജ്യത്ത് വളര്‍ന്നുവരുന്ന മത തീവ്രവാദത്തെ ഉല്‍മൂലനം ചെയ്യാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിന് പിന്നില്‍ അണിനിരക്കുകയും ഇത്തരം നിക്്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന വര്‍ഗീയ ആശയ പ്രചരണങ്ങളെ തുറന്നുകാട്ടുകയും ചെയ്തില്ലെങ്കില്‍ ഖിലാഫത്ത് പ്രസ്ഥാനം ഇന്തോനേഷ്യയില്‍ കരുത്താര്‍ജ്ജിക്കുകയും അത് രാജ്യത്തിന്റെ സര്‍വനാശത്തിന് കാരണമാകുകയും ചെയ്യുമെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര സമൂഹത്തിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.