കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിച്ച വിശുദ്ധ മെത്തോഡിയൂസ്

കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിച്ച വിശുദ്ധ മെത്തോഡിയൂസ്

അനുദിന വിശുദ്ധര്‍ - ജൂണ്‍ 14

കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായിരുന്ന വിശുദ്ധ മെത്തോഡിയൂസ് സിസിലിയിലെ സിറാക്യൂസിലാണ് ജനിച്ചത്. ഒരു നല്ല ജോലി ലക്ഷ്യം വച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിയ വിദ്യാ സമ്പന്നനായ മെത്തോഡിയൂസിനെ സ്വാഗതം ചെയ്തത് ഒരു സന്യാസിയായിരുന്നു. ആ സന്യാസിയുടെ പ്രേരണയില്‍ മെത്തോഡിയൂസ് ലൗകിക താല്‍പര്യങ്ങള്‍ ഉപേക്ഷിച്ച് ചിയോ എന്ന ദ്വീപിലെ ചെനൊലാക്കോസ് ആശ്രമത്തില്‍ ചേര്‍ന്നു.

എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ അവിടേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനും അര്‍മേനിയക്കാരനുമായിരുന്ന ലിയോ അഞ്ചാമന്‍ ചക്രവര്‍ത്തി പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ മെത്തോഡിയൂസായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്.

817 ല്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി മെത്തോഡിയൂസ് റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ അധികം വൈകാതെ വിശുദ്ധ നിസെഫോറസിന്റെ മരണത്തെ തുടര്‍ന്ന് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തിരിച്ചെത്തി. ഇതിനിടെ മതവിരുദ്ധ വാദിയായ മൈക്കേല്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടി തടവിലടച്ചു. ആ ചക്രവര്‍ത്തിയുടെ ഭരണകാലം മുഴുവനും അദ്ദേഹത്തിന് ആ തടവില്‍ കഴിയേണ്ടതായി വന്നു.

830 ല്‍ കത്തോലിക്കാ വിശ്വാസിയും ചക്രവര്‍ത്തിനിയുമായിരുന്ന തിയോഡോറ മെത്തോഡിയൂസിനെ തടവില്‍ നിന്നും മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ തന്നെ അവരുടെ ഭര്‍ത്താവ് തിയോഫിലൂസ് വിശുദ്ധ മെത്തോഡിയൂസിനെ നാടുകടത്തി.

842 ല്‍ തിയോഫിലൂസ് മരണപ്പെടുകയും തിയോഡോറ തന്റെ മകനും ചക്രവര്‍ത്തിയുമായ മൈക്കേല്‍ മൂന്നാമന്റെ ഉപദേഷ്ടാവാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ വിശുദ്ധ മെത്തോഡിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിച്ച വിശുദ്ധന്‍ വര്‍ഷംതോറും നന്ദി പ്രകാശനത്തിനായി ഒരു തിരുനാള്‍ സ്ഥാപിക്കുകയും ചെയ്തു. 'ഫെസ്റ്റിവല്‍ ഓഫ് ഓര്‍ത്തോഡോക്‌സി' എന്നാണ് ആ തിരുനാള്‍ അറിയപ്പെട്ടത്. മത പീഡനത്തിനിടയ്ക്ക് വിശുദ്ധന്റെ താടിയെല്ല് പൊട്ടിയതിനാല്‍ തന്റെ താടിക്ക് താഴെയായി ഒരു തുണികൊണ്ട് ചുറ്റികെട്ടിയാണ് അദ്ദേഹം ജീവിച്ചത്.

പല സഭാ നിയമങ്ങള്‍ ക്രോഡീകരിച്ചും ചില പ്രബോധനങ്ങള്‍ ഏറെ വിശദമാക്കിയും വിശുദ്ധന്‍ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. മെത്തോഡിയൂസിന്റെ സമകാലികനായിരുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്.

നാല് വര്‍ഷത്തോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ നയിച്ചതിനു ശേഷം 846 ജൂണ്‍ 14 ന് വിശുദ്ധന്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വിശുദ്ധ ഇഗ്‌നേഷ്യസ് വര്‍ഷം തോറും വിശുദ്ധ മെത്തോഡിയൂസിന്റെ തിരുനാള്‍ ആഘോഷിച്ചിരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ സീറാന്‍

2. എലീസെയൂസ് പ്രവാചകന്‍

3. ഫ്രാന്‍സിലെ എത്തേരിയൂസ്

4. ബാര്‍ജ്‌സി ദ്വീപിലെ എല്‍ഗാര്‍

5. വെല്‍ഷുക്കാരനായ ഡോഗ് മെല്‍

6. കൊര്‍ഡോവയില്‍ വച്ചു വധിക്കപ്പെട്ട അനസ്റ്റാസിയൂസ്, ഫെലിക്‌സ്, ഡിഗ്‌നാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26