രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന; രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന; രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.

ഇതിനിടെ ഡല്‍ഹി പൊലീസ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇരച്ചു കയറിയത് വലിയ സംഘര്‍ഷത്തിനിടയാക്കി. ഇ.ഡി ഓഫീസിനു മുന്നിലേക്ക് പാഞ്ഞടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. രാഹുലിനെതിരായ ഇ.ഡി നടപടി തുടരുന്നിടത്തോളം പ്രതിഷേധം തുടരുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കേസില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ല. ഇപ്പോള്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കാനും കോണ്‍ഗ്രസിനെ മോശക്കാരാക്കാനുമാണ് ശ്രമമെന്നും ബാഗല്‍ ആരോപിച്ചു.

ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ മൂന്നാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്ത ഇ.ഡി ഇന്നലേയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ 11.10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും ഭക്ഷണത്തിനുശേഷം വൈകീട്ട് 4.15 മുതലുമാണ് രാഹുലിനെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്തത്.

മൊഴി വായിച്ചുകേട്ട് ഒപ്പിട്ടുനല്‍കിയശേഷം രാത്രി 11.20 ന് രാഹുല്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച 11 മണിയോടെ ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലെത്തിയ രാഹുലില്‍ നിന്ന് രാത്രി 11.45 വരെ മൊഴിയെടുത്തു. ഉച്ചയ്ക്ക് 3.30 ന് ഉച്ചഭക്ഷണത്തിന് പുറത്തു പോയതൊഴിച്ചാല്‍ അദ്ദേഹം ഇ.ഡി. ഓഫീസില്‍ തന്നെയായിരുന്നു.

എന്നാല്‍ ഇ.ഡി നടപടികളെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം. ചോദ്യം ചെയ്യലിനെ അവസരമായിക്കണ്ട പാര്‍ട്ടി രാജ്യവ്യാപകമായി കേന്ദ്രത്തിനെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരെയും എ.പി.മാരെയും അണിനിരത്തിയുള്ള ശക്തി പ്രകടനം പാര്‍ട്ടിക്ക് പുത്തനുണര്‍വായെന്നാണ് വിലയിരുത്തല്‍. പദയാത്ര നടത്തിയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടു പോയവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്.

പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പല നേതാക്കള്‍ക്കും പരിക്കേറ്റു. എന്നിട്ടും രാഷ്ട്രീയാവേശത്തിന് കുറവുണ്ടായില്ല. ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഡല്‍ഹി പോലീസിനെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.