ആശുപത്രി ഹെലിപാഡിൽ പൂർണ്ണചന്ദ്ര യോഗ, വ്യാവസായിക തൊഴിലാളികൾക്കായി പ്രത്യേക യോഗ സെഷൻ: യുഎഇയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കമായി

ആശുപത്രി ഹെലിപാഡിൽ പൂർണ്ണചന്ദ്ര യോഗ, വ്യാവസായിക തൊഴിലാളികൾക്കായി പ്രത്യേക യോഗ സെഷൻ: യുഎഇയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കമായി

അബുദാബി: രാത്രിയിൽ പൂർണ്ണചന്ദ്രന് കീഴിൽ യോഗാഭ്യാസം നടത്തുകയെന്ന ആഗ്രഹം നിറവേറ്റിയതിന്റെ നിർവൃതിയിലാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി ഹെലിപ്പാഡിൽ നടന്ന പ്രത്യേക യോഗ സെഷനിൽ പങ്കെടുത്ത 35 പേർ. ആകാശത്ത് വിസ്‌മയമായി സ്ട്രോബറി സൂപ്പർമൂൺ ഉദിച്ച ദിവസം തന്നെ വ്യത്യസ്തമായ യോഗാഭ്യാസം നടത്താനായത് ഇവരുടെ സന്തോഷം ഇരട്ടിയാക്കി.

അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി വിപിഎസ് ഹെൽത്ത്‌കെയർ സംഘടിപ്പിക്കുന്ന യോഗ്യാഭ്യാസ പരിപാടികളുടെ ഭാഗമായിരുന്നു പൂർണചന്ദ്ര യോഗ സെഷൻ. സ്ട്രോബറി മൂൺ രാത്രിയിൽ തന്നെ പൂർണചന്ദ്ര യോഗ നടത്താനായത് പുതിയ അനുഭവമായെന്നു മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ താമസക്കാരിയായ അർച്ചന ഗുപ്ത പറയുന്നു. ബുർജീൽ യോഗ സ്പെഷ്യലിസ്റ്റ് ലോകേഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു ഹെലിപ്പാഡിലെ യോഗാഭ്യാസം. ഇതോടൊപ്പം യോഗാദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്കായി ലൈഫ്‌കെയർ ഹോസ്പിറ്റലിലും പ്രത്യേക യോഗാഭ്യാസം നടന്നു. വരും ദിവസങ്ങളിൽ അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ആശുപത്രികളിലും പൊതുജനങ്ങൾക്കായി യോഗ സെഷനുകൾ നടക്കും. 


യോഗാദിനാചരണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും യോഗയുടെ ഗുണഫലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോസ്പിറ്റൽസ് റീജ്യണൽ സിഇഒ ജോൺ സുനിൽ പറഞ്ഞു.
ജൂലൈ 21ന് നടക്കുന്ന വൻ യോഗ പരിപാടികൾക്കായി ഇന്ത്യൻ എംബസി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ, ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുമായി വിപിഎസ് ഹെൽത്ത്‌കെയറും ബുർജീൽ ആശുപത്രികളും സഹകരിക്കും. ആയിരക്കണക്കിന് ആൾക്കാരുടെ പങ്കാളിത്തമാണ് അബുദാബിയിലും ദുബായിലും നടക്കുന്ന യോഗ പ്രദർശനത്തിൽ പ്രതീക്ഷിക്കുന്നത്. 


ഈ വർഷം യുഎഇയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ യോഗ പരിപാടികളിലൊന്നാവും അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ആറായിരത്തിൽ അധികം പേർ പങ്കെടുക്കുന്ന യോഗാ പ്രദർശനം.
'മനുഷ്യത്വത്തിനായുള്ള യോഗ', എന്ന സന്ദേശവുമായുള്ള ഈ വർഷത്തെ യോഗ ദിനാചരണം യോഗയുടെ സാരാംശം ഉൾക്കൊള്ളുന്നതാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.


"യോഗയ്ക്ക് പ്രചാരം നൽകാനുള്ള ബുർജീലിന്റെ പ്രയത്‌നങ്ങൾ പ്രശംസനീയമാണ്. കൂടുതൽ ആരോഗ്യകരവും സമ്മർദ്ദരഹിതവുമായ മെച്ചപ്പെട്ട ജീവിത നിലവാരം തേടുന്നവർക്കുള്ള മികച്ച സേവനവുമാണിത്. ഈ വർഷം ജൂൺ 21 ന് അഭൂതപൂർവമായ തോതിൽ സംഘടിപ്പിക്കുന്ന യുഎഇയിലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തെ ഈ പരിപാടികൾ സമ്പന്നമാക്കും”


ബുർജീൽ, മെഡിയോ , എൽഎൽഎച്ച്, ലൈഫ്കെയർ ഹോസ്പിറ്റലുകളുടെ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും യോഗ സെഷനുകൾക്കും പരിപാടികൾക്കും പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.