കൊച്ചി: കേരളത്തിൽ റോഡ്, പാലം നിര്‍മാണങ്ങളില്‍ പിന്തുടരേണ്ട സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച പ്രോട്ടോകോളിന് സംസ്ഥാനം രൂപം നല്‍കണമെന്ന് ഹൈക്കോടതി.
തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ നിരീക്ഷണം. പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാറും പൊതുമരാമത്ത് വകുപ്പും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പൊതു നിര്‍മാണ സ്ഥലങ്ങളില്‍ വേണ്ടത്ര വെളിച്ചമോ മുന്നറിയിപ്പോ ഇല്ലെങ്കില്‍ അപകടസാധ്യത കൂടുമെന്ന് കോടതി പറഞ്ഞു. നിര്‍മാണ സ്ഥലത്തു വെളിച്ചമില്ലെങ്കില്‍ 40 കിലോ മീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചു പോകുന്നവര്‍ക്ക് തിരിച്ചറിയാനാവില്ല. ബാരിക്കേഡ് ഉണ്ടായിരുന്നെങ്കില്‍ അപകടം ഒഴിവായേനേ എന്നുള്ള തോന്നലുണ്ട്. നിര്‍മാണ സൈറ്റുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ ഉറപ്പാക്കിയാല്‍ എപ്പോഴും തിരക്കില്‍ നെട്ടോട്ടമോടുന്ന ജനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തില്‍ എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തുവെന്നും എന്‍ജിനീയര്‍ക്കും കരാറുകാരനുമെതിരെ കേസെടുത്തുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. സംഭവമുണ്ടായ ശേഷം ആര്‍ക്കെങ്കിലും പതിവുപോലെ ഉത്തരവാദിത്തം നിര്‍ണയിച്ചു നല്‍കുന്നതില്‍ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപകട ശേഷം നടപടി എടുക്കുന്നതുകൊണ്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്ന് കോടതി പറഞ്ഞു.
സാങ്കേതികവിദ്യ വികസിച്ചിട്ടും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നാണക്കേടാണ്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും വിസ്മരിക്കുന്നത് സംവിധാനത്തിന്റെ ശാപമാണ്. ഇതുമൂലം സാധാരണ പൗരന്റെ ജീവനാണ് അപകടത്തിലാകുന്നത്.
നിര്‍മാണത്തിന്‍റെ ചുമതലക്കാരായ എന്‍ജിനീയര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രാഥമിക ഉത്തരവാദിത്തം നല്‍കുന്നതിനൊപ്പം പിഴ ചുമത്താനും നടപടിയുണ്ടായില്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ക്ക് അറുതിയുണ്ടാവില്ല. നിയമത്തെ ഭയവും ബഹുമാനവും ഉണ്ടായാലേ മതിയായ മുന്‍കരുതല്‍ എടുക്കൂ. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എന്‍ജിനീയര്‍ക്കും സൂപ്പര്‍വൈസറി ഓഫിസര്‍ക്കും നിയമപരമായ പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.