ഖുറാന്‍ എത്തിച്ചത് കെ.ടി ജലീലിന്റെ മുംബൈയിലുള്ള ബിനാമി കമ്പനി വഴി; സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര വെളിപ്പെടുത്തല്‍

ഖുറാന്‍ എത്തിച്ചത് കെ.ടി ജലീലിന്റെ  മുംബൈയിലുള്ള ബിനാമി കമ്പനി വഴി; സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര വെളിപ്പെടുത്തല്‍

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര പരാമര്‍ശവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവന്‍ വാര്യര്‍ ജലീലിന്റെ ബിനാമിയാണെന്നാണ് പ്രധാന ആരോപണം.

ബിനാമി സഹായത്തോടെയാണ് ഖുറാന്‍ കൊണ്ടു വന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് മറ്റൊരു ആരോപണം. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ സ്വാധീനിച്ചുവെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിക്കുന്നു.

കോണ്‍സല്‍ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. 17 ടണ്‍ ഈന്തപ്പഴം കേരളത്തിലെത്തിച്ചു. ഇതിലെ ചില പെട്ടികള്‍ക്ക് അസാധാരണ തൂക്കമുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ചില പെട്ടികള്‍ പിന്നീട് കാണാതായതായും ആരോപിക്കുന്നു.

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് അതിന് അവസരമൊരുക്കി. മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമിക്കുവേണ്ടിയായിരുന്നു കൂടിക്കാഴ്ച.

ഇടപാടിനായി ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കി. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നുവെന്നും പറയുന്നു.

ഇതിനിടെ സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിന്റെയും രഹസ്യമൊഴിയുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ക്കെതിരെയുള്ള രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.