ലോകത്ത് ക്രൈസ്തവ പീഡനം കൂടുന്നു: വിശ്വാസം രക്ഷിക്കാന്‍ 2021 ല്‍ മാത്രം ജീവന്‍ ബലി നല്‍കിയത് ആറായിരത്തോളം പേര്‍; കൂടുതലും നൈജീരിയയില്‍

ലോകത്ത് ക്രൈസ്തവ പീഡനം കൂടുന്നു: വിശ്വാസം രക്ഷിക്കാന്‍ 2021 ല്‍ മാത്രം ജീവന്‍ ബലി നല്‍കിയത് ആറായിരത്തോളം പേര്‍; കൂടുതലും നൈജീരിയയില്‍

അബുജ: വിശ്വാസത്തിനുവേണ്ടി പീഡനം അനുഭവിക്കേണ്ടി വരുന്ന ക്രിസ്ത്യാനികളുടെ എണ്ണം ലോകത്ത് അനുദിനം കൂടുന്നു. 2021 ല്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5898 ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ മതമൗലിക വാദികളാല്‍ കൊല ചെയ്യപ്പെട്ടു. ഇതിലേറെയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും പ്രത്യേകിച്ച് നൈജീരിയയിലുമാണെന്നതാണ് ഞെട്ടിക്കുന്നത്.

വേള്‍ഡ് വാച്ച് ലിസ്റ്റിലെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കനുസരിച്ച് ആഗോള തലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ 25 ശതമാനം വര്‍ധിച്ചിട്ടുണ്ട്. യേശുവിനെ പ്രകീര്‍ത്തിച്ചതിന്റെയും ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞതിന്റെയും പേരില്‍ പ്രതിദിനം 16 ക്രിസ്ത്യാനികള്‍ ലോകത്ത് കൊല്ലപ്പെടുന്നതായാണ് കണക്ക്. പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടും.

നൈജീരിയയിലെ സംഭവവികാസങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാല്‍ ദിനം പ്രതി ഒട്ടേറെ ക്രിസ്ത്യാനികളാണ് മതമൗലിക വാദികളുടെ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. നൈജീരിയ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എസ്ബിഎം ഇന്റലിജന്‍സിന്റെ കണക്കു പ്രകാരം ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 896 പേര്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.



ഇതിലേറെയും ക്രിസ്ത്യാനികളാണ്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കൂട്ടക്കൊലകളുടെ കണക്കുകള്‍ കൂടി ചേര്‍ത്താന്‍ ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം ആയിരത്തിനു മുകളിലാകും.

ക്രിസ്ത്യാനിയായി ജീവിക്കാന്‍ ഭയപ്പെടുന്ന സ്ഥലങ്ങളിലൊന്നായി നൈജീരിയ മാറിയെന്ന് സബ്-സഹാറന്‍ ആഫ്രിക്കയിലെ ഓപ്പണ്‍ ഡോര്‍സ് അനലിസ്റ്റായ ഇല്ലിയ ജാദി പറയുന്നു. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ നിരന്തര സംഭവമാണ്. അക്രമങ്ങള്‍ വര്‍ധിച്ചതോടെ ദശലക്ഷക്കണക്കിന് ആളുകള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കന്‍ പ്രവിശ്യ, ഫുലാനി എന്നീ തീവ്രവാദ സംഘങ്ങളില്‍ നിന്നും സായുധരായ കൊള്ളക്കാരില്‍ നിന്നുമാണ് പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത്. ആക്രമണങ്ങള്‍ കൂടുതലും മുസ്ലീം ഭൂരിപക്ഷമുള്ള നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് നടക്കുന്നതെങ്കിലും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള തെക്കന്‍ മേഖലകളിലേക്കും ഇത് അതിവേഗം വ്യാപിക്കുന്നു.

ക്രിസ്ത്യന്‍ പുരുഷന്മാരെ കൊല്ലുക എന്നതാണ് തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന അജണ്ട. വംശീയമായ ഉന്മൂലനമാണ് ഇവരുടെ ലക്ഷ്യം. അങ്ങനെ ക്രിസ്ത്യന്‍ വിഭാഗത്തിലെ ജനസംഖ്യ കുറയ്ക്കാമെന്ന് ഇവര്‍ കരുതുന്നു. അതേസമയം പണത്തിനും മറ്റുമായി മത പുരോഹിതരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്ന കൊള്ളക്കാരുടെ രീതിയും അതിക്രൂരമാണ്. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണിവര്‍.



തട്ടിക്കൊണ്ടുപോകുന്ന ക്രിസ്ത്യാനികളെ അവര്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നു. പ്രതിഫലം ലഭിക്കില്ലെന്ന് കണ്ടാല്‍ ഇവരെ തീവ്രവാദ സംഘങ്ങള്‍ക്ക് കൈമാറും. പിന്നീട് ഇവരുടെ ജീവനറ്റ ശരീരം വഴിയരികിലേ മറ്റോ കിടക്കുന്നതാകും അടുത്ത പകല്‍ കാണുക. 2021 ഏപ്രിലില്‍ കടുന സംസ്ഥാനത്തെ ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്ന് ഒരു സംഘം കൊള്ളക്കാര്‍ 22 വിദ്യാര്‍ത്ഥികളെയും ഒരു ജീവനക്കാരനെയും തട്ടിക്കൊണ്ടുപോയി. ഒരാഴ്ചയ്ക്കുള്ളില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.

ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് നൈജീരിയയ്ക്ക്. മുന്‍ വര്‍ഷം ഒന്‍പതാമതായിരുന്നു. സര്‍ക്കാരിന്റെ നിശബ്ദമായ പിന്തുണ തീവ്രവാദ സംഘങ്ങള്‍ക്കുണ്ട്. 2021 ല്‍ 4,650 ക്രൈസ്തവരും 2022 ല്‍ ഇതുവരെ 900 പേരും മൂന്ന് തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.

ഈ മാസം അഞ്ചിന് പന്തക്കൂസ്താ ദിനത്തില്‍ ഒന്‍ഡോ സംസ്ഥാനത്തെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയില്‍ കുര്‍ബാന മധ്യേ പള്ളിയിലേക്ക് ഇരച്ചു കയറിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂട്ടവെടിവയ്പ്പ് നടത്തി അന്‍പതോളം വിശ്വാസികള്‍ കൊല്ലപ്പെട്ടതാണ് നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഇതുവരെയുണ്ടായ അതിക്രമങ്ങളില്‍ ഏറ്റവും ക്രൂരമായത്.



ഇത്രയധികം ആളുകള്‍ കൊല്ലപ്പെടുന്ന ഒരു കൂട്ടക്കൊല ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. വെടിയൊച്ച കേട്ട് പുറത്തേക്ക് ഓടാന്‍ ശ്രമിച്ച വിശ്വാസികളെ വാതില്‍പ്പടിയില്‍ തടഞ്ഞുവച്ച് വെടി ഉതിര്‍ക്കുകയായിരുന്നു. അതും പോരാതെ പള്ളി സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയും ചെയ്തു.

നൈജീരിയയിലെ മിക്ക സംസ്ഥാനങ്ങളിലും ശരിയത്ത് നിയമമാണ് നടപ്പാക്കുന്നത്. മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് മതസ്വാതന്ത്ര്യത്തിന് പുറമേ അവരുടെ മൗലികമായ അവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു. മുസ്ലീം സമുദായത്തില്‍ നിന്ന് ആരെങ്കിലും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നാല്‍ കഠിനമായ പീഡകളായിരിക്കും പിന്നീട് അവര്‍ക്ക് അനുഭവിക്കേണ്ടി വരിക. പലപ്പോലും മരണത്തിലേക്ക് വരെ ഇത് എത്താറുണ്ട്.

ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മത പീഡനങ്ങളുടെ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവരുമ്പോഴും അമേരിക്കയുടെ മതസ്വാതന്ത്ര്യ ലംഘനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നൈജീരിയയെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് സഭാ നേതൃത്വത്തിന്റെയും ലോക നേതാക്കളുടെയും ഇടയില്‍ നിന്ന് ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.