മുഖ്യമന്ത്രിക്കു നേരേ വിമാനത്തില്‍ പ്രതിഷേധം; പ്രതിയായ അധ്യാപകന്റെ ജോലി പോകും

മുഖ്യമന്ത്രിക്കു നേരേ വിമാനത്തില്‍ പ്രതിഷേധം; പ്രതിയായ അധ്യാപകന്റെ ജോലി പോകും

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന്റെ ജോലി പോകും. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി (28) നെ സര്‍വീസില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ തുടങ്ങി. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡിഡിഇ സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചത്. അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്) ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

ഇദ്ദേഹമുള്‍പ്പെട്ട വിവിധ മുന്‍കാല കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അധ്യാപകനെ സ്‌കൂളില്‍നിന്ന് പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്. വിദ്യാഭ്യാസവകുപ്പില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ടിടിസി യോഗ്യതയുള്ള ഫര്‍സീന്‍ മജീദ് 2019 ജൂണ്‍ ആറിനാണ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. കോവിഡ് കാരണം 2019, 2020 വര്‍ഷങ്ങളില്‍ അധ്യാപകരായി ചേര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാല്‍ 2021 മാര്‍ച്ച് 16-നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്.

പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഇയാളെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ടിസിക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ അതിവേഗം നടപടികളിലേക്ക് കടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.