അന്താരാഷ്ട്ര സംഘങ്ങള്‍ വഴി അനധികൃത പുകയില കടത്തിന് വേദിയായി ഓസ്‌ട്രേലിയ; പണം വിനിയോഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്

അന്താരാഷ്ട്ര സംഘങ്ങള്‍ വഴി അനധികൃത പുകയില കടത്തിന് വേദിയായി ഓസ്‌ട്രേലിയ; പണം വിനിയോഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്

മെല്‍ബണ്‍: പുകയിലയുടെ ഉപയോഗം കുറയ്ക്കാന്‍ സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് വില വര്‍ധിപ്പിച്ചെങ്കിലും അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം ടണ്‍ കണക്കിന് പുകയില ഓസ്‌ട്രേലിയയിലേക്ക് കടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

വലിയ കണ്ടെയ്‌നറുകളിലായി ടണ്‍ കണക്കിന് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പോലും അട്ടിമറിക്കുന്ന ശ്രമങ്ങള്‍ക്കാണ് അന്തരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങള്‍ ശ്രമം ആരംഭിച്ചിരിക്കുന്നതെന്നാണ് ഓസ്ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മീഷന്റെ കണ്ടെത്തല്‍.

രാജ്യത്തിന് പുറത്തുള്ള ചില തീവ്രവാദ ഗ്രുപ്പുകളാണ് ഇതിന് പിന്നില്‍. പുകയില ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മയക്കുമരുന്നുകളും വന്‍ തോതില്‍ ഇവര്‍ എത്തിക്കുന്നു. ഇതുവഴി ലഭിക്കുന്ന പണം തീവ്രവാദം ഉള്‍പ്പടെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇതുമൂലം രാജ്യത്ത്‌ സംഘടിത കുറ്റകൃത്യങ്ങള്‍ വ്യാപിക്കുകയാണെന്നും കമ്മീഷന്‍ സിഇഒ മൈക്ക് ഫെലാന്‍ പറയുന്നു.

2018ല്‍ അനധികൃത പുകയില ടാസ്‌ക്ഫോഴ്സ് രൂപീകരിച്ചതിനുശേഷം 264 ടണ്ണിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 540 ദശലക്ഷം സിഗരറ്റുകളും പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനു ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ചിലര്‍ ഒത്താശ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.



രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന് ലക്ഷ്യമിട്ടാണ് സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തെ ഉയര്‍ന്ന നികുതി ഈടാക്കിത്. നികുതി വര്‍ധിപ്പിച്ചതോടെ വലിയ വില നില്‍കി സിഗരറ്റ് വാങ്ങുന്നതില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങി. എന്നാല്‍ രാജ്യത്ത് പുകയില ഉപയോഗത്തില്‍ കുറവ് വന്നിട്ടില്ലെന്ന് നാഷണല്‍ വേസ്റ്റ് വാട്ടര്‍ ഡ്രഗ് മോണിറ്ററിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനം കണ്ടെത്തി.

രാജ്യത്തെ പൊതു സ്വീവേജ് സംവിധാനങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മനുഷ്യന്റെ വിസര്‍ജ ജലത്തില്‍ നിക്കോട്ടിന്റെ അളവ് കുടുതലായി കണ്ടെത്തിയത്. സിഗരുറ്റുകളുടെ വില്പന കുറഞ്ഞിട്ടും നിക്കോട്ടിന്റെ അളവില്‍ കുറവ് വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ രാജ്യത്തില്‍ വന്‍ തോതില്‍ സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കള്ളക്കടത്തുവഴി ഇറക്കുമതി ചെയ്യുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്ത് ഏറ്റവും ഉയര്‍ന്ന പുകയില നികുതി ഈടാക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇതു മൂലം 25 സിഗരറ്റ് അടങ്ങുന്ന സാധാരണ പാക്കറ്റിന്റെ വില 50 ഡോളറില്‍ കൂടുതലായി ഉയര്‍ന്നു. ഈ അവസരം മുതലെടുത്താണ് അന്തരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങള്‍ രാജ്യത്തേക്ക് അനധികൃതമായി കുറഞ്ഞ വിലയിലുള്ള സിഗരറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.