കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാകും മൊഴിയെടുക്കുക. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വിമനത്തിലെ യാത്രക്കാരന്‍ എന്ന നിലയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. താന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന സമയത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്ന മൊഴി മുഖ്യമന്ത്രി നല്‍കുമോ എന്നതാണ് നിര്‍ണായകം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത് വധശ്രമം ആണെന്ന് മുഖ്യമന്ത്രിയും ഇ പി ജയരാജനും മൊഴി നല്‍കിയാല്‍ കേസ് കൂടുതല്‍ ഗുരുതരമാകും. വിമാനത്തിലെ പ്രതിഷേധം അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം എറണാകുളത്ത് യോഗം ചേര്‍ന്നിരുന്നു. അന്വേഷണ സംഘത്തിന്റെ തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
അതേസമയം വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഇ പി ജയരാജനും ക്രൂരമായി മര്‍ദിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വാതില്‍ തുറന്നപ്പോഴാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അദ്ദേഹത്തിന്റെ സമീപത്തേക്ക് പോകുകയോ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.