അസമിലും മേഘാലയയിലും കനത്ത മഴയും വെള്ളപ്പൊക്കവും: 36 പേര്‍ മരിച്ചു; ലക്ഷക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍, സൈന്യം രംഗത്ത്

അസമിലും മേഘാലയയിലും കനത്ത മഴയും വെള്ളപ്പൊക്കവും: 36 പേര്‍ മരിച്ചു; ലക്ഷക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍, സൈന്യം രംഗത്ത്

ഗുവാഹത്തി: ജനജീവിതം സ്തംഭിപ്പിച്ച് അസമിലും മേഘാലയയിലും രൂക്ഷമായ വെള്ളപ്പൊക്കം. കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലുമായി 36 ലേറെ പേര്‍ മരിച്ചു. അസമിലെ ഹോജായ് ജില്ലയില്‍ വെള്ളപ്പൊക്ക ബാധിതരെ രക്ഷിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി.

ബോട്ടില്‍ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇസ്ലാംപൂരില്‍ നിന്ന് വെള്ളപ്പൊക്കത്തില്‍ പെട്ട 24 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ കല്‍ ഭിത്തിയിലിടിച്ച് ബോട്ട് മറിയുകയായിരുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശര്‍മ്മയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.

അസമില്‍ 19 ലക്ഷം പേര്‍ ദുരിതബാധിതരായി. ഒരു ലക്ഷം പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മേഘാലയയിലെ കിഴക്കന്‍ ഖാസി മലനിരകളിലാണ് കെടുതികള്‍ അധികവും.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലും കനത്ത മഴയാണ്. 60 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് അഗര്‍ത്തലയില്‍ പെയ്തത്. സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.