അഗ്നിപഥിനെതിരെ രാജസ്ഥാനില്‍ പ്രമേയം പാസാക്കി; ബിഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം

അഗ്നിപഥിനെതിരെ രാജസ്ഥാനില്‍ പ്രമേയം പാസാക്കി; ബിഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരുന്നു. ബീഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായി റെയില്‍വേ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ രാജസ്ഥാനില്‍ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പ്രമേയം പാസാക്കിയത്.

പദ്ധതിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കും രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധഗ്നിയെ തണുപ്പിക്കാന്‍ ആയിട്ടില്ല. ഇന്റര്‍നെറ്റ് സേവനം റദ്ദു ചെയ്തും നിരോധനജ്ഞ പ്രഖ്യാപിച്ചും നടത്തിയ പ്രതിരോധ നീക്കങ്ങളും ഫലം കണ്ടിട്ടില്ല. പ്രതിഷേധം നിലവില്‍ 20 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ബന്ദിനിടെ ബിഹാറില്‍ വ്യാപക അക്രമങ്ങളാണുണ്ടായത്. റെയില്‍വേ സ്റ്റേഷനുകള്‍ക്കും, ആംബുലന്‍സിനും ബസ്സുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമുണ്ടായി. സംസ്ഥാനത്ത് റെയില്‍വേയ്ക്ക് മാത്രം 700 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബീഹാറില്‍ മാത്രം 138 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ 718 പേര്‍ അറസ്റ്റിലായി. അക്രമം നടന്ന ഇടങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ ബിഹാര്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

ബിജെപി നേതാക്കള്‍ക്കെതിരായ അക്രമം തുടരുന്ന സാഹചര്യത്തില്‍ ബീഹാറില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും 10 എംഎല്‍എമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.