തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി; രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി; രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ ഗുരതര അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരണത്തിന് കീഴടങ്ങി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.

വൃക്ക തകരാറിലായ രോഗിക്കായി മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് എടുത്ത വൃക്ക എറണാകുളത്തു നിന്ന് കൃത്യ സമയത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്നത്. ശനിയാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചത്.

തുടര്‍ന്ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സ്വകാര്യ ആംബുലന്‍സില്‍ അയച്ചു. രാവിലെ 10 മണിക്ക് ഇവര്‍ രാജഗിരി ആശുപത്രിയിലെത്തി. അവിടെ നിന്ന് മസ്തികിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരി മുതല്‍ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകള്‍ അണച്ച് ആംബുലന്‍സിന് വേണ്ടി പോലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കി നല്‍കി. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തി.

പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല. മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.

വൃക്കയുമായുള്ള ആമ്പുലന്‍സ് വൈകുന്നേരം 5.30 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നെങ്കിലും രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. വൃക്കപോലെയുള്ള നിര്‍ണായക അവയവങ്ങള്‍ മാറ്റിവെക്കുമ്പോള്‍ എത്രയും നേരത്തെ വെക്കാന്‍ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കും. എന്നാല്‍ ഇവിടെ ഉണ്ടായ ഉദാസീനത മൂലം വിലപ്പെട്ട സമയമാണ് രോഗിക്ക് നഷ്ടമായത്.

അതേസമയം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതേ തുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

എന്നാല്‍ അവയവവുമായി കളമശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താന്‍.

ഒരാളില്‍ നിന്ന് അവയം എടുത്ത് മാറ്റിയാല്‍ എത്രയും പെട്ടെന്ന് അത് സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കണം. എന്നാല്‍ മാത്രമേ അവയവം ശരിയായി പ്രവര്‍ത്തിക്കുകയുള്ളു. ഇവിടെ അവയവം എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.