ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറി; രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്കായി പ്രതിപക്ഷത്തിന്റെ അലച്ചില്‍ തുടരുന്നു

ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറി;  രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്കായി പ്രതിപക്ഷത്തിന്റെ അലച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനുള്ള അഭ്യര്‍ത്ഥന മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയും നിരസിച്ചതോടെ ഇനി ആരെ കണ്ടെത്തുമെന്ന വിഷമ വൃത്തത്തിലായി പ്രതിപക്ഷം. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തേ പ്രതിപക്ഷ കക്ഷികള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും മുന്‍ ജമ്മു കശ്മീര്‍ പ്രധാനമന്ത്രി ഫറൂഖ് അബ്ദുള്ളയെയും സമീപിച്ചിരുന്നെങ്കിലും ഇരുവരും ആവശ്യം തള്ളിയിരുന്നു.

വാര്‍ത്താക്കുറിപ്പിലൂടെയാണ് താന്‍ മത്സരിക്കാനില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്. ''ചില മുതിര്‍ന്ന, ബഹുമാനപ്പെട്ട നേതാക്കള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് എന്നെ സമീപിച്ചിരുന്നു. അവരോട് ഞാന്‍ കടപ്പാട് രേഖപ്പെടുത്തുന്നു. പക്ഷേ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിര്‍ദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമൊട്ടാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരു പേരുകാരനാകണം. അത്തരമൊരു പദവി വഹിക്കാന്‍ എന്നേക്കാള്‍ മികച്ച ആളുകളുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്'- അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി മുംബൈയില്‍ ഒരു യോഗം വിളിച്ച് ചേര്‍ത്തതിന് മുന്നോടിയായാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിക്കുന്നത്. ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ആദ്യം മുന്നോട്ട് വയ്ക്കുന്നത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. എന്നാല്‍ ബിജു ജനതാദള്‍, ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് അദ്ദേഹത്തിന്റെ പേരിനോട് താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന.

ശരദ് പവാറും മല്ലികാര്‍ജ്ജുന ഖര്‍ഗെയും ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇപ്പോഴൊന്നും പറയാനില്ലെന്നാണ് ഗോപാല്‍കൃഷ്ണ ഗാന്ധി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുകയാണ്. യോഗ ദിന ആഘോഷങ്ങള്‍ക്കു ശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുക്കാനാണ് സാധ്യത.

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേര് തുടക്കത്തില്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ല. സുരേഷ് പ്രഭു, ദ്രൗപദി മുര്‍മു, തമിളിസൈ സൗന്ദര്‍രാജന്‍, ബേബി റാണി മൗര്യ, ആരിഫ് മുഹമ്മദ് ഖാന്‍, ഗോപാല്‍ നാരായണ്‍ സിംഗ് എന്നിവര്‍ക്കൊപ്പം രാജ്‌നാഥ് സിംഗിന്റെ പേരും എന്‍ഡിഎ പക്ഷത്ത് പ്രചരിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.