കത്തോലിക്ക സഭയെയും വിശുദ്ധ ദേവസഹായത്തേയും അവഹേളിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണം

കത്തോലിക്ക സഭയെയും വിശുദ്ധ ദേവസഹായത്തേയും അവഹേളിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണം

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ കേരളത്തിലെത്തിയ ചരിത്ര സത്യത്തെ കത്തോലിക്ക സഭയുടെ വ്യാജ ചരിത്ര നിര്‍മാണത്തിന്റെ ഭാഗമാണെന്ന അവഹേളന പരമായ വിശേഷണവും ലേഖനത്തിലുണ്ട്. കത്തോലിക്ക സഭയെയും വിശുദ്ധ പദവി പ്രഖ്യാപനത്തെയും മദര്‍ തെരേസയെയും ലേഖനത്തില്‍ അവഹേളിക്കുന്നു.

കൊച്ചി: ഭാരത കത്തോലിക്കാ സഭയുടെ അഭിമാന താരകമായി ഇന്ത്യയിലെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍ എന്ന മഹനീയ പദവിയിലെത്തിയ ദേവസഹായത്തേയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന ലേഖനവുമായി ആര്‍.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'.

തെരഞ്ഞെടുപ്പു വരുമ്പോള്‍ വോട്ടു കിട്ടാനായി അരമനകള്‍ കയറിയിറങ്ങി ക്രൈസ്തവ സ്‌നേഹം പ്രകടിപ്പിക്കുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ മനസിലിരിപ്പാണ് ലേഖനത്തിലൂടെ പുറത്തു വന്നിട്ടുള്ളത്. 'ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും' എന്ന തലക്കെട്ടോടെ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിലാണ് അതീവ നിന്ദാകരമായ പരാമര്‍ശങ്ങളുള്ളത്.

ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ കാറ്റാടി മലയില്‍ വെച്ച് മരണം ഏറ്റുവാങ്ങിയ ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ് 'കേസരി' ചിത്രീകരിച്ചിരിക്കുന്നത്.

ദേവസഹായത്തെ വധിച്ചത് മോഷണവും രാജ്യദ്രോഹവും കൊണ്ടായിരിന്നുവെന്ന വിവരക്കേടാണ് ലേഖനത്തിലുള്ളത്. വ്യാജ ചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണെന്ന അറിവില്ലായ്മയും ലേഖകന്‍ ഉന്നയിക്കുന്നു.

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ കേരളത്തിലെത്തിയ ചരിത്ര സത്യത്തെ കത്തോലിക്ക സഭയുടെ വ്യാജ ചരിത്ര നിര്‍മാണത്തിന്റെ ഭാഗമാണെന്ന അവഹേളന പരമായ വിശേഷണവും ലേഖനത്തിന്റെ ആദ്യ ഖണ്ഡികയില്‍ നല്‍കിയിട്ടുണ്ട്.

തുടര്‍ന്നു പോകുന്ന ലേഖനത്തില്‍ ഉടനീളം കത്തോലിക്ക സഭയെയും വിശുദ്ധ പദവി പ്രഖ്യാപനത്തെയും മദര്‍ തെരേസയെയും അവഹേളിക്കുന്നു.  ദേവസഹായത്തെ മോഷ്ട്ടാവായും അധികാര ദുരുപയോഗം നടത്തിയ വ്യക്തിയായും രാജ്യദ്രോഹിയായും ലേഖനത്തില്‍ അധിക്ഷേപിക്കുന്നു.

മറ്റ് അനേകം അവഹേളനപരമായ പരാമര്‍ശങ്ങളും ലേഖനത്തില്‍ ഉടനീളമുണ്ട്. ദേവസഹായത്തെ 
വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടി കുടില തന്ത്രത്തിന്റെ പരിസമാപ്തിയാണ് എന്ന നിന്ദാപരമായ പരാമര്‍ശങ്ങളോടെയാണ് ആര്‍.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ ലേഖനം സമാപിക്കുന്നത്.

ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വസ്തുതകളെ കാറ്റില്‍പറത്തി ക്രൈസ്തവ സമൂഹത്തെ മാഫിയയ്ക്കു സമാനമായി അവതരിപ്പിക്കുന്ന ലേഖനം കേരളത്തിലെ സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്നതാണെന്ന ആരോപണവും ശക്തമാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുവിനെ അറിയുകയും പിന്നീട് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വിശുദ്ധ ദേവസഹായം. 1712 ഏപ്രില്‍ 23 ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരുന്നു നീലകണ്ഠപിള്ള എന്ന ദേവസഹായത്തിന്റെ ജനനം. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു അദ്ദേഹം.

കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തുകയും തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന്‍ ഡിലനോയിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തില്‍ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.

തുടര്‍ന്ന്, തെക്കന്‍ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോ സമൂഹാംഗമായ വൈദികനില്‍ നിന്ന് 1745 മെയ് 17 ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം  എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ ദേവസഹായത്തിന്
സാധിച്ചില്ല.

രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി അദ്ദേഹം ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും  സഹപ്രവര്‍ത്തകരുടെയും കോപത്തിന് കാരണമാക്കി. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ ദേവസഹായത്തിനെതിരായി
അവര്‍ ഉപജാപം നടത്തുകയും രാജദ്രോഹക്കുറ്റം ചുമത്തി രാജസമക്ഷം അവതരിപ്പിക്കുകയും ചെയ്തു.

'ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക' എന്ന രാജാവിന്റെ ഉത്തരവ് അവഗണിച്ച അദ്ദേഹത്തിന്റെ  കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും ദേവസഹായത്തെ മര്‍ദിച്ചു രസിച്ചു.

മുളകുപൊടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ കഠിനമായ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസമനുഷ്ഠിച്ചു.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ അദ്ദേഹത്തെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ ദേവസഹായം  അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു.

പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസ ചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന ദേവസഹായത്തിന്റെ  പെയിന്റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.

2004 ല്‍ ഭാരത മെത്രാന്‍ സമിതിയുടെ തമിഴ്‌നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തണമെന്ന് വത്തിക്കാനോട് ശുപാര്‍ശ ചെയ്തു. ദേവസഹായത്തെ  രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബര്‍ രണ്ടിന് കത്തോലിക്ക സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ മെയ് 15 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം  അടക്കം പത്തു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ആ അഭിമാന മൂഹൂര്‍ത്തത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ വത്തിക്കാനിലെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.