കെഎസ്ആര്‍ടിസിയുടെ മൊത്തം ബാധ്യത 12,100 കോടി രൂപ; കൈയിലുള്ളത് 417 ഏക്കര്‍ സ്ഥലം, ആസ്തി ബാധ്യതകളില്‍ ഹൈക്കോടതിക്ക് വിശദീകരണം നല്‍കി

കെഎസ്ആര്‍ടിസിയുടെ മൊത്തം ബാധ്യത 12,100 കോടി രൂപ; കൈയിലുള്ളത് 417 ഏക്കര്‍ സ്ഥലം, ആസ്തി ബാധ്യതകളില്‍ ഹൈക്കോടതിക്ക് വിശദീകരണം നല്‍കി

കൊച്ചി: കെഎസ്ആര്‍ടിസിക്ക് 12,100.34 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ഇതില്‍ 3030.64 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്തതാണെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. കഴിഞ്ഞ മേയ് 31 വരെയുള്ള കണക്കാണിത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരനായ ആര്‍. ബാജി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കെഎസ്ആര്‍ടിസിക്ക് നിലവിലുള്ള ആസ്തി ബാദ്ധ്യതകള്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേന സത്യവാങ്മൂലം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് 8713.05 കോടി രൂപ സര്‍ക്കാരിനു വായ്പായിനത്തില്‍ നല്‍കാനുള്ളതാണ്. 356.65 കോടി രൂപ കെടിഡിഎഫ്സിക്കും നല്‍കാനുണ്ട്.

സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട്, വായ്പ എന്നിങ്ങനെ പണം നല്‍കുന്നുണ്ട്. വാഹനങ്ങള്‍ വാങ്ങാനായി നല്‍കുന്ന പ്ലാന്‍ ഫണ്ട് തിരിച്ചു നല്‍കേണ്ടതല്ല. വായ്പ പലിശ സഹിതം തിരിച്ചു നല്‍കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2037.51 കോടി രൂപയാണ് വായ്പ നല്‍കിയത്. 2009 വരെയുള്ള വായ്പയും പലിശയും സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. തുടര്‍ന്നു 2013 -14 വരെയുള്ള വായ്പാത്തുക ഷെയറാക്കി മാറ്റി.

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് വായ്പ നല്‍കുന്നത്. 28 ഡിപ്പോകളും 45 സബ് ഡിപ്പോകളും 19 ഓപ്പറേറ്റിംഗ് സെന്ററുകളും 28 സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും അഞ്ച് വര്‍ക്ക്‌ഷോപ്പുകളും മൂന്നു സ്റ്റാഫ് ട്രെയിനിംഗ് കോളജുകളും കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഹരിപ്പാട്, മൂവാറ്റുപുഴ, തൊടുപുഴ, മലപ്പുറം, നിലമ്പൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലായി ആറ് ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്.

നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട, കൊട്ടാരക്കര, ചേര്‍ത്തല, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്സുകളുടെ പണി പൂര്‍ത്തിയാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കെഎസ്ആര്‍ടിസിക്ക് 417.20 ഏക്കര്‍ സ്ഥലം ആകെയുണ്ട്, 340.57 ഏക്കര്‍ സ്വന്തം സ്ഥലമാണ്. 58.51 ഏക്കറിന് പട്ടയം ലഭിച്ചു. 17.33 ഏക്കര്‍ ഭൂമി പാട്ടത്തിനാണ് മാത്രമല്ല 5225 ബസുകള്‍, 300 സ്‌ക്രാപ്പ് ബസുകള്‍, 177 മറ്റു വാഹനങ്ങള്‍, സ്‌ക്രാപ്പ് ബസുകള്‍ ഷോപ്പ് ഓണ്‍ വീലായി ഉപയോഗിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.