സംഗീതം: ഈണത്തിന്റെ ലോകം, ലോകത്തിന്റെ ഈണം

സംഗീതം: ഈണത്തിന്റെ ലോകം, ലോകത്തിന്റെ ഈണം

ശബ്ദങ്ങളെ ശ്രുതിപാതയില്‍ നിരത്തി ഈണങ്ങളാക്കി, ഈണങ്ങളെ താളങ്ങളുടെ വിരല്‍ത്തുമ്പിലൂഞ്ഞാലാട്ടി സുന്ദരസംഗീതമാക്കി, ദൈവം പ്രപഞ്ചത്തിനു നല്കിയ അമൂല്യനിധിയായ സ്വരം എന്ന വരദാനത്തെ മനുഷ്യന്‍ അലങ്കരിക്കാന്‍ തുടങ്ങിയതിന്‌ മനുഷ്യ നോളംതന്നെ ചരിത്രമുണ്ട്‌. എല്ലാവര്‍ക്കും ലഭിക്കാത്ത ഈ സര്‍ഗസമ്മാനം സ്വന്തമായ വര്‍ക്കും, അതിന്റെ ഫലം ആസ്വദിക്കുന്ന വര്‍ക്കും ഇത്‌ ഒരു സ്വര്‍ഗസമ്മാനം തന്നെയാണ്‌ എന്ന്‌ ലോകത്തിന്‌ പുനഃസ്മരിക്കാന്‍ ഇതാ ഒരു സുദിനം, ജൂണ്‍ 21.

സംഗീതം ഒരു സാഗരമാണ്‌ എന്നും താന്‍ അതിലെ തുള്ളിമാത്രമേ നുണഞ്ഞിട്ടുള്ളുവെന്നും നമ്മുടെ സ്വന്തം ഗാനഗന്ധര്‍വന്‍ യേശുദാസ്‌ പറയുമ്പോള്‍ ഇത്രയേറെ ശാഖകളായി പടര്‍ന്നുപന്തലിച്ച ഒരു സര്‍ഗവാസന മനുഷ്യനോ എന്ന്‌ നമ്മള്‍ അതിശയിക്കും. ഓരോ കാലത്തിനും ഒരു സംഗീതമുണ്ട്‌. ഓരോ സംസ്കാരത്തിനും ഭാഷയ്ക്കും മത ധാരകള്‍ക്കും ഓരോരോ സംഗീതമുണ്ട്‌. ഓരോ പ്രായത്തിനും ഓരോ വികാരത്തിനും ഒരോ ഋതുഭേദങ്ങള്‍ക്കുമുണ്ട്‌ സ്വന്തമായ സംഗീതം. പ്രപഞ്ചംതന്നെ മനുഷ്യന്റെയും പ്രകൃതിയുടെയും താളത്തിലാണു നിലകൊള്ളുന്നത്‌. കാറ്റിനു സംഗീതമുണ്ട്‌. കാറ്റിലാടുന്ന തളിരിലകള്‍ക്കു താളവുമുണ്ട്‌. സംഗീതം സാഗരമാണെങ്കിലും സാഗരത്തിനും ഒരു സംഗീതമുണ്ട്‌.

പുഴയൊഴുകുന്ന ഈണം മുഴങ്ങുന്ന ഹെര്‍മ്മന്‍ ഹെസ്സെയുടെ 'സിദ്ധാര്‍ത്ഥ'എന്ന നോവലിന്റെ സംഗീതം അനിര്‍വചനീയമല്ലേ. കുയിലിനു മാത്രമല്ല, സംഗീതം. കുരുവിക്കും കാക്കയ്ക്കും കഴുകനും സംഗീതമുണ്ട്‌. ഏതോ പാട്ടിന്റെ താളത്തിനൊത്തല്ലേ, സദാ, തുത്തുകുണുക്കിപ്പക്ഷിയുടെ വാല്‍ കുണുങ്ങുന്നത്‌?

നമ്മുടെ സംസ്‌കാരത്തിന്റെ ഉറവിടമായ ഭാരതം എന്ന പദംതന്നെ അനാദിനാഥന്റെ ഭാവവും രാഗവും താളവും സല്ലീനമാവുന്നതിന്റെ സൗന്ദര്യമാണ്‌. സംഗീതമില്ലാതെ പ്രപഞ്ചമില്ല. ഈ ലോക ത്തിന്റെ ഈണങ്ങളും ഈണത്തിന്റെ ലോകങ്ങളുംകണ്ട്‌ ആസ്വദിക്കാനും അതിശയിക്കാനുമാണ്‌, 1976 മുതല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോഫന്റെ നേതൃത്വത്തില്‍ ജൂണ്‍ 21 ലോക സംഗീതദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്‌.

ഈ ദിനത്തില്‍ ലോകം ഒരു സംഘഗാനമായി മാറും. കാലത്തെ ഈണങ്ങളുടെ ഇതളുകളില്‍ ഊയലാട്ടിയ മഹാസംഗീത മാന്ത്രികരെ ലോകം പുനഃസ്മരിക്കും. ലോക ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ഗായകന്‍ എന്ന്‌ ആധുനിക ലോകം വിശേഷിപ്പിക്കുന്ന വെറും 32 വയസുള്ള ചൈനാക്കാരനായ അമേരിക്കന്‍ ഗായകന്‍ വില്യം ഹ്യൂങ്‌, സംസ്കാരങ്ങളുടെ മതിലുകള്‍ തകര്‍ത്ത്‌ സര്‍വമനുഷ്യന്റെയും ഹൃദയധമനികളില്‍ മൂളിപ്പറക്കുന്ന സൊണാറ്റകളുടെയും സിംഫണികളുടെയും സ്രഷ്ടാവ്‌ - ബധിരനായി മാറിയ ബീഥോവന്‍, ആധുനിക ലോകത്തെ പോപ്‌ സംഗീതത്തിന്റെ ചടുലതാളങ്ങളില്‍ തുള്ളിക്കളിപ്പിച്ച മൈക്കള്‍ജാക്സണ്‍, ട്രംപറ്റിന്റെ മായാജാലങ്ങളില്‍ ലോകത്തിന്റെ കാതുകളെ കുളിരണിയിപ്പിച്ച ലൂയീസ്‌ ആംസ്ട്രോംഗ്‌, മിസിസിപ്പിയുടെ ഗ്രാമവീഥികളില്‍നിന്ന്‌ ഗിറ്റാറിന്റെ ത്രന്തികളിലൂടെ ഈണങ്ങളെ വിരല്‍തൊട്ടു വിളിച്ച്‌ ലോകത്തിന്റെ ഹൃദയമിടിപ്പായി മാറിയ എല്‍വിസ്‌ പ്രസ്‌ലി, നാലാംവയസില്‍ ക്ലാസിക്കല്‍ സംഗീതം കംപോസ്‌ ചെയ്ത്‌ പ്രതിഭാവിലാസം കൊണ്ട്‌, പാശ്ചാതൃ സംഗീതത്തിന്റെ വിലാസമായ മൊസാര്‍ട്ട്‌, മനുഷ്യചേതനയെ തന്റെ സ്വരവി ന്യാസങ്ങളുടെ ചുഴലിക്കാറ്റില്‍ ചുഴറ്റിയെടുത്ത മഡോണ, ആഫ്രിക്കന്‍ സംഗീതത്തിന്റെ ആദിതാളങ്ങളില്‍ ആറാടിയ ഫെലാകുടി, ഭാരതസംഗീതത്തിന്റെ സൂര്യതേജസായ ശെമ്മാങ്കുടി, ഇളയരാജ, എ.ആര്‍. റഹ്മാന്‍, ലക്ഷ്മീകാന്ത്‌ പ്യാരേലാല്‍, ഉസ്താദ്‌ ബിസ്മില്ലാഖാന്‍, ലതാ മങ്കേഷ്കര്‍, മുഹ മ്മദ്‌ റാഫി തുടങ്ങി നമ്മുടെ സ്വന്തം യേശുദാസും, കെ.എസ്‌. ചിത്രയുമുള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ ഈണവും താളവുമായ ആയിരക്കണക്കിനു സംഗീതപ്രതിഭകളുടെ പ്രഭയില്‍ പ്രകാശിത രാകാനുള്ള ഈ സംഗീത സുദിനത്തെ നമുക്കും ഒരു അമരസല്ലാപമാക്കാം.


ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.