മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ 14 എംഎല്‍എമാരുമായി ഒളിവില്‍ പോയതാണ് നൂല്‍പ്പാലത്തിലൂടെ നീങ്ങുന്ന സഖ്യകക്ഷി സര്‍ക്കാരിന് തലവേദനയാകുന്നത്. ഇന്നലെ നടന്ന എംഎല്‍എസി തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന എംഎല്‍എമാരെ കാണാതാകുന്നത്.
ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്ന ഏക്‌നാഥ് ഷിന്‍ഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. ഇന്നലെ നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും സഖ്യത്തിനും വലിയ തിരിച്ചടി ലഭിച്ചിരുന്നു. നാലു സീറ്റുകളില്‍ വിജയിക്കാന്‍ മാത്രം അംഗബലമുണ്ടായിരുന്ന ബിജെപി അഞ്ചു സീറ്റുകളില്‍ വിജയിച്ചിരുന്നു.
ആറു സീറ്റുകളില്‍ വിജയിക്കാന്‍ ശേഷിയുണ്ടായിരുന്ന മഹാ വികാസ് അഘാഡി സഖ്യം ആറാമത്തെ സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ഏതാനും ശിവസേന എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരാണ് ഇപ്പോള്‍ ഒളിവില്‍ പോയതെന്നാണ് ലഭിക്കുന്ന വിവരം.
താനെയില്‍ ഉദ്ധവ് താക്കറെയെക്കാള്‍ ജനപിന്തുണയുള്ള ശിവസേന നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. അതാണ് ഉദ്ധവിനെയും നേതൃത്വത്തെയും ആശങ്കയിലാക്കുന്നത്. ഏക്‌നാഥ് കലാപമുയര്‍ത്തി പാര്‍ട്ടി വിട്ടാല്‍ ശിവസേനയുടെ കൊമ്പൊടിയും. താനെ മേഖലയില്‍ ശിവസേനയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചയാള്‍ കൂടിയാണ് ഷിന്‍ഡെ.
സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിന്‍ഡെ, 2014-ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷ നേതൃപദവി പാര്‍ട്ടി ഏല്‍പിച്ചതും ഷിന്‍ഡെയെ ആണ്. എന്നാല്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസനേ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അപ്രധാന വകുപ്പാണ് ഷിന്‍ഡെയ്ക്ക് നല്‍കിയത്. ഇതാണ് അദേഹത്തെ ചൊടിപ്പിക്കുന്നതും.
മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മഹാരാഷ്ട്രയിലെ ചാണക്യനുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി വലിയ അടുപ്പമുള്ള നേതാവ് കൂടിയാണ് ഷിന്‍ഡെ. ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ ശിവസേനയെ പിളര്‍ത്തിയാല്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴും. വീണ്ടും തെരഞ്ഞെടുപ്പ് വന്നാല്‍ ഭരണത്തിലെത്താമെന്ന പ്രതീക്ഷ ശിവസേനയ്ക്കില്ലെന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് 12 ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തിരക്കിലുള്ള എന്‍സിപി നേതാവ് ശരത് പവാറുമായും താക്കറെ ചര്‍ച്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.