ഒല്ലൂര്‍: പിതൃസ്ഥാനത്ത് നിന്ന് ഹരിതയെ വരന്‍ ശിവദാസന്റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു. നന്മ വറ്റാത്ത ഒരു സമൂഹത്തിന്റെയും സഭയുടേയും അധികമാരും കൊട്ടിഘോഷിക്കാത്ത കഥകളുടെ ചെറിയൊരു ഭാഗംമാത്രമാണ് ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍.
മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഹരിതയുടെയും ശിവദാസിന്റെയും താലികെട്ട്. അതിന് ശേഷം ഇരുവരുടേയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍ എന്ന നല്ല ഇടയന്‍ അച്ഛന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളെപ്പോലെ വളര്‍ത്തിയ ഹരിതയ്ക്കു വേണ്ടി അദ്ദേഹം തിരുവസ്ത്രം അല്‍പ്പസമയത്തേക്ക് അഴിച്ചു മാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ടുവയസ് ഉള്ളപ്പോഴാണ് ഹരിത എത്തിയത്. പിന്നീട് ഇതുവരെ ആശ്രമത്തിന്റെ മകളായി അവള്‍ വളര്‍ന്നു. അവര്‍ അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. ഇപ്പോള്‍ ആരോഗ്യ മേഖലയില്‍ മികച്ച സേവനം അനുഷ്ഠിക്കുന്നു. യു.പി സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലാണ് അവളെ ചേര്‍ത്തത്. ഇതേ സ്‌കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്. പിന്നീട് പലരു പല വഴിയ്ക്ക് പിരിഞ്ഞു. കുറച്ചു നാള്‍മുമ്പ് അന്നത്തെ യു.പി ക്ലാസിലുണ്ടായിരുന്നവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും ആ പഴയ സൗഹൃദം വീണ്ടും പങ്കിട്ടത്.
പഠനത്തിന് ശേഷം യു പി ക്ലാസിലെ ആ സഹപാഠികള്‍ തമ്മില്‍ കണ്ടത് വിവാഹപ്പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്. യു.എ.ഇയില്‍ അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്സും.
ഇരുവരുടേയും രണ്ടാമൂഴത്തിലെ പരിചയം വിവാഹാലോചനയില്‍ എത്തുകയായിരുന്നു. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തിലെത്തി പെണ്ണു കാണലും നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍ അച്ഛന്റെ സ്ഥാനത്തു നിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്.
കൂടാതെ ആശ്രമത്തിലെ മറ്റ് അന്തേവാസികള്‍ക്കൊപ്പം വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല ഒന്നാന്തരം സദ്യയും ഒരുക്കിയിരുന്നു. അന്ന് വൈകീട്ട് ആശ്രമത്തില്‍ നിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി, ചടങ്ങുകളെല്ലാം ഫാദറിന്റെ നേതൃത്വത്തില്‍ മംഗളമായി നടന്നു.
അടുത്തമാസം ശിവദാസ് ദുബായിലേക്കു പോകുമ്പോള്‍ ഒപ്പം ഹരിതയും ഉണ്ടാകും. 1994-ല്‍ മദര്‍ തെരേസ ശിലയിട്ടതാണ് ദിവ്യഹൃദയാശ്രമത്തിന്. ക്രൈസ്തവ പുരോഹിതരും സന്യസ്തരും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് എത്രയെത്ര കുട്ടികളാണ് വിദ്യാഭ്യാസവും ഉന്നത ജോലിയും കരസ്ഥമാക്കി മികച്ച ജീവിതത്തിലേയ്ക്ക് പറന്നുയര്‍ന്നിരിക്കുന്നത്. സമൂഹത്തിലെ തിമിരം ബാധിച്ച മനസുകള്‍ക്ക് അക്കാഴ്ചകള്‍ കാണാന്‍ ആകുന്നില്ലെന്ന് മാത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.