ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍. മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പമുള്ള എംഎല്‍എമാര്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഷിന്‍ഡെ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതിനൊപ്പം ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. നിലവില്‍ കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് 9 എംഎല്‍എമാരുടെ മാത്രം കുറവാണുള്ളത്. അനില്‍ ദേശ്മുഖും നവാബ് മാലിക്കും ജയിലിലും രമേഷ് ലതാകെ മരിച്ചതിനാലും നിലവിലെ അംഗങ്ങളുടെ എണ്ണം 285 ആണ്.
നിലവിലെ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 143 എംഎല്‍എമാരാണ്. ബിജെപിക്ക് 134 എംഎല്‍എമാരുണ്ട്. അതുകൊണ്ട് തന്നെ ഷിന്‍ഡെയുടെ ഒപ്പമുള്ള 24 എംഎല്‍എമാരെ കൂട്ടി ബിജെപിക്ക് അനായാസം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഒപ്പമുള്ളവരെ കൂടെ പിടിച്ചു നിര്‍ത്താന്‍ ഷിന്‍ഡെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ച ശിവസേന വിമത ക്യാമ്പിലേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തികൊണ്ടിരിക്കുകയാണ്. ഷിന്‍ഡെയും ശിവസേനയിലെ 21 ഓളം എംഎല്‍എമാരും നിലവില്‍ സൂറത്തിലെ ഹോട്ടലിലുണ്ട്. ഇതില്‍ നാലു മന്ത്രിമാരും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത എംഎല്‍എ അടക്കം ക്യാമ്പിലുണ്ട്.
മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ എന്‍സിപി നേതാവ് ശരത് പവാര്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ഉദ്ധവ് താക്കറെയുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തും. ശരത് പവാറും ഉദ്ധവ് താക്കറേയും ഫോണിലൂടെ നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.