യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി; പിന്തുണച്ചത് 17 പ്രതിപക്ഷ പാര്‍ട്ടികള്‍

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി; പിന്തുണച്ചത് 17 പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാര്‍ഥി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നു ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹയെ പരിഗണിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിന്‍ഹയുടെ പേര് പ്രഖ്യാപിച്ചത്.

മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെ യശ്വന്ത് സിന്‍ഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.

വാജ്‌പേയി സര്‍ക്കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ബിജെപി നേതാവായിരുന്ന സിന്‍ഹ 2018ലാണ് പാര്‍ട്ടി വിട്ടത്. പിന്നീട് 2021ല്‍ തൃണമൂലില്‍ ചേര്‍ന്നു.

''തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാജി (മമത ബാനര്‍ജി) എനിക്കു നല്‍കിയ ആദരവിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കേണ്ട സമയം സംജാതമായിരിക്കുന്നു. അതിന് അവര്‍ അനുമതി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' യശ്വന്ത് സിന്‍ഹ ട്വീറ്ററില്‍ കുറിച്ചു.



ഇന്നലെ രാത്രി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയിലാണു സിന്‍ഹയുടെ പേരു പരിഗണിച്ചത്. മമത നേരത്തേതന്നെ സിന്‍ഹയുടെ പേരു സൂചിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീടു മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിന്‍മാറി. ആലോചിക്കട്ടെയെന്നു പറഞ്ഞ ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്നീട് വിസമ്മതിക്കുകയായിരുന്നു.

ജനതാദളിലൂടെയായിരുന്നു യശ്വന്ത് സിന്‍ഹയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രി സഭകളില്‍ അംഗമായിരുന്നു. അതിന് ശേഷം നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018ല്‍ ബിജെപി വിട്ടത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ വൈസ്പ്രസിഡന്റായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.