'ആ വിമാനത്തില്‍ സിസിടിവി ഉണ്ടായിരുന്നോ?': യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

'ആ വിമാനത്തില്‍ സിസിടിവി ഉണ്ടായിരുന്നോ?': യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധമുണ്ടായ വിമാനത്തില്‍ സിസിടിവി ഉണ്ടായിരുന്നോയെന്ന് ഹൈക്കോടതി. വിമാനത്തിനുള്ളില്‍ പ്രതിഷേധം ഉയര്‍ത്തിയതിന്റെ പേരില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു.

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുക്കുകയായിരുന്നു. നിന്നെ വച്ചേക്കില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുത്തത്. ഇതു സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സമയത്താണ് വിമാനത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണോ എന്നു കോടതി ചോദിച്ചത്. പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികളുടെ ഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 12,13 തീയതികളില്‍ മൂന്നു പേരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വാദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും നിരീക്ഷിച്ചിരുന്നെങ്കില്‍ മൂന്നാമനെ എന്തുകൊണ്ട് പിടികൂടിയില്ലെന്നു കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയായിരുന്നു പ്രധാനമെന്നും പ്രതികളെ പിടികൂടിയത് വിമാനത്താവള അധികൃതരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.