ജീവന്റെ അപ്പം ഭക്ഷണം മാത്രമല്ല, ആത്മാവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു: മാര്‍പാപ്പ

ജീവന്റെ അപ്പം ഭക്ഷണം മാത്രമല്ല, ആത്മാവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്കെല്ലാവര്‍ക്കും വേണ്ടി നല്‍കപ്പെട്ട യേശുവിന്റെ ജീവനാണ് വിശുദ്ധ കുര്‍ബാനയെന്നും വിശ്വാസത്തോടെ സ്വീകരിക്കുന്നവര്‍ക്ക് കര്‍ത്താവിന്റെ സ്‌നേഹനിര്‍ഭരവും മൂര്‍ത്തവുമായ പരിപാലനം അനുഭവിക്കാന്‍ കഴിയുമെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ (ജൂണ്‍ 19) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പാ. മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.

ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്‍പതാം അദ്ധ്യായം പതിനൊന്ന് മുതല്‍ പതിനേഴു വരെയുള്ള വാക്യങ്ങളാണ് പാപ്പ വിശദീകരിച്ചത്. വചനം ശ്രവിക്കാന്‍ തന്നെ അനുഗമിച്ച വലിയ ജനക്കൂട്ടത്തിന് അഞ്ചപ്പവും രണ്ടു മത്സ്യവും തൃപ്തിയാകുവോളം നല്‍കി അവരെ പരിപാലിച്ച യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് മാര്‍പാപ്പ വാചാലനായി.

ക്രിസ്തുവിന്റെ ശരീരവും രക്തവും വിശ്വാസത്തോടെ സ്വീകരിക്കുന്നയാള്‍ ഭക്ഷിക്കുക മാത്രമല്ല, തൃപ്തയടയുകയും ചെയ്യുന്നു. ഭക്ഷിക്കുക, തൃപ്തരാക്കപ്പെടുക: വിശുദ്ധ കുര്‍ബാനയില്‍ നിറവേറ്റപ്പെടുന്ന രണ്ട് അടിസ്ഥാന ആവശ്യങ്ങളാണിവ.

വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന യേശു നമ്മെ ഓരോരുത്തരെയും അവിടുത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയും നമുക്കുവേണ്ടി കരുതുകയും നമ്മെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സൗഹൃദത്തിനും സാന്ത്വനത്തിനും വേണ്ടിയുള്ള നമ്മുടെ ആവശ്യങ്ങളെ അവിടുന്ന് തൃപ്തിപ്പെടുത്തുന്നു - മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

അന്ത്യ അത്താഴ വേളയിലാണ് വിശുദ്ധ കുര്‍ബാന ആരംഭിച്ചത്. ഒരു യാത്രയുടെ ലക്ഷ്യസ്ഥാനം പോലെയായിരുന്നു അത്. ഈ യാത്രയില്‍, ചില അടയാളങ്ങളിലൂടെ യേശു അതിനെ മുന്‍കൂട്ടി കാണിച്ചിരുന്നു. തന്നെ അനുഗമിച്ച ജനക്കൂട്ടത്തിനു വേണ്ടി യേശു അപ്പം വര്‍ദ്ധിപ്പിച്ച സംഭവമാണ് ലൂക്കായുടെ സുവിശേഷത്തിലൂടെ ചൂണ്ടിക്കാട്ടിയത്.

തന്റെ വചനം ശ്രവിക്കാനും തിന്മകളില്‍ നിന്ന് മോചനം നേടാനുമായി തന്നെ അനുഗമിച്ച അയ്യായിരത്തോളം പേര്‍ വരുന്ന ജനക്കൂട്ടത്തെ യേശു കരുതലോടെ പരിപാലിക്കുന്നു. അവിടുന്ന് അഞ്ചപ്പവും രണ്ട് മീനും ആശീര്‍വദിച്ച് നുറുക്കുന്നു, അതു ശിഷ്യന്മാര്‍ വിതരണം ചെയ്യുന്നു. എല്ലാവരും തൃപ്തിയാകുവോളം ഭക്ഷിക്കുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ കര്‍ത്താവിന്റെ സ്‌നേഹനിര്‍ഭരവും മൂര്‍ത്തവുമായ ഈ പരിപാലനം എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയും.

ക്രിസ്തുവിന്റെ ശരീരവും രക്തവും വിശ്വാസത്തോടെ സ്വീകരിക്കുന്നവര്‍ ഭക്ഷിക്കുക മാത്രമല്ല, തൃപ്തയടയുകയും ചെയ്യുന്നു.

അപ്പവും മത്സ്യവും വര്‍ധിപ്പിച്ച അത്ഭുതം ഒരു പ്രദര്‍ശനമായല്ല യേശു നിവര്‍ഹിക്കുന്നത്. രഹസ്യമായാണ് അതു സംഭവിക്കുന്നത്. കൈയില്‍ നിന്ന് കൈകളിലൂടെ കടന്നുപോകുമ്പോള്‍ അപ്പം വര്‍ദ്ധിക്കുന്നു. യേശു എല്ലാവരെയും പരിപാലിക്കുന്നുവെന്ന് ജനക്കൂട്ടം ഭക്ഷണം കഴിക്കുമ്പോള്‍ തിരിച്ചറിയുന്നു. ഇതാണ് കുര്‍ബാനയില്‍ സന്നിഹിതനാകുന്ന കര്‍ത്താവ്... സ്വര്‍ഗത്തിലെ പൗരന്മാരാകാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നു, എന്നാല്‍ അതിനിടയില്‍ ഭൂമിയില്‍ നാം അഭിമുഖീകരിക്കേണ്ട യാത്രയെയും അവിടുന്ന് കണക്കിലെടുക്കുന്നു.

ചിലപ്പോള്‍ വിശുദ്ധ കുര്‍ബാനയെ അവ്യക്തമായ ഒരു തലത്തിലേക്ക് പരിമിതപ്പെടുത്താനുള്ള അപകടകരമായ സാധ്യതയുണ്ട്. പ്രകാശഭരിതവും സുഗന്ധപൂരിതവും ആണെങ്കിലും ദൈനംദിന ജീവിതത്തിന്റെ ദുര്‍ഘടാവസ്ഥകളില്‍നിന്ന് വളരെ അകലെയായി പരിമിതപ്പെടുത്തുന്നു. വാസ്തവത്തില്‍, ഏറ്റവും അടിസ്ഥാനപരമായത് മുതല്‍ നമ്മുടെ എല്ലാ ആവശ്യങ്ങളും കര്‍ത്താവ് ഹൃദയത്തില്‍ ഏറ്റെടുക്കുന്നു.

യേശുവിനെപോലെ മറ്റുള്ളവരെ പരിപാലിക്കുമ്പോള്‍ നമ്മുടെ ദിവ്യകാരുണ്യ ആരാധന ശരിയായതാണെന്ന് തെളിയുന്നു. നമുക്ക് ചുറ്റും ഭക്ഷണത്തിനു വേണ്ടിയുള്ള വിശപ്പുണ്ട്. സഹവാസത്തിനും സാന്ത്വനത്തിനും സൗഹൃദത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹമുണ്ട്.

വിശുദ്ധ കുര്‍ബാനയപ്പത്തില്‍ നമ്മുടെ ആവശ്യങ്ങളിലേക്കുള്ള ക്രിസ്തുവിന്റെ ശ്രദ്ധയെ നമുക്ക് കാണാനാകും. നമ്മുടെ ചുറ്റുമുള്ളവരെ പരിപാലിക്കാനുള്ള ക്ഷണവും ഉണ്ടാകും. നാം ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുകയും വേണം.

ഭക്ഷണം കഴിക്കുന്നതിനു പുറമേ, തൃപ്തരാകുക എന്നത് ഇല്ലാതാകരുത്. നാം നമ്മെത്തന്നെ പരിപോഷിപ്പിക്കുക മാത്രമല്ല വേണ്ടത്, പോഷണം നമുക്കു ലഭിക്കുന്നത് സ്‌നേഹത്തില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞ് സംതൃപ്തരാകണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.

ക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും അവിടുത്തെ സാന്നിദ്ധ്യം, നാം ഓരോരുത്തര്‍ക്കുമായി നല്‍കപ്പെട്ട അവിടുത്തെ ജീവനെ നമുക്ക് കണ്ടെത്താനാകും.

മുന്നോട്ട് പോകാന്‍ നമ്മെ സഹായിക്കുക മാത്രമല്ല, യേശു തന്നെത്തന്നെ നമുക്കായി നല്‍കുന്നു: അവിടുന്ന് നമ്മുടെ സഹയാത്രികനാകുന്നു, നമ്മുടെ കാര്യങ്ങളില്‍ ഇടപെടുന്നു. ഏകാന്തതകളില്‍ അവിടുന്ന് അവന്‍ നമ്മെ സന്ദര്‍ശിക്കുന്നു. ഉത്സാഹം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ജീവിതം ഊഷ്മളമായി മാറുന്നു. കര്‍ത്താവ് നമ്മുടെ ജീവിതത്തിനും നമ്മുടെ അന്ധകാരങ്ങള്‍ക്കും നമ്മുടെ സംശയങ്ങള്‍ക്കും അര്‍ത്ഥം നല്‍കുന്നത് നമുക്ക് തൃപ്തി നല്‍കും. കര്‍ത്താവിന്റെ അസാന്നിധ്യം ജീവിതത്തെ ഇരുണ്ടതാക്കും.

ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും ആരാധിച്ചുകൊണ്ട്, നമുക്ക് അവിടുത്തോട് ഹൃദയപൂര്‍വ്വം ചോദിക്കാം: 'കര്‍ത്താവേ, മുന്നോട്ട് പോകുവാനായി അന്നന്നത്തേയ്ക്കു വേണ്ട അപ്പം എനിക്ക് തരേണമേ, കര്‍ത്താവേ നിന്റെ സാന്നിധ്യത്താല്‍ എന്നെ തൃപ്തിപ്പെടുത്തേണമേ! എന്ന പ്രാര്‍ഥനയോടെ മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.