ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങി ഉദ്ധവ് താക്കറെ; 'മാതോശ്രീ'യിലേക്കുള്ള യാത്രയില്‍ നാടകീയ രംഗങ്ങള്‍, രാജി വൈകിയേക്കില്ല

ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങി ഉദ്ധവ് താക്കറെ; 'മാതോശ്രീ'യിലേക്കുള്ള യാത്രയില്‍ നാടകീയ രംഗങ്ങള്‍, രാജി വൈകിയേക്കില്ല

മുംബൈ: ശിവസേനയിലെ പ്രതിസന്ധി അയവില്ലാതെ തുടരുമ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 'വര്‍ഷ'യില്‍ നിന്ന് ബാഗുകള്‍ ഉള്‍പ്പെടെയെടുത്ത് ഉദ്ധവ് താക്കറെ സ്വന്തം വസതിയായ 'മാതോശ്രീ'യിലേക്കാണ് മടങ്ങിയത്.

മകനും മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിന് ഒപ്പമുണ്ടായിരുന്നു. വഴിയിലുടനീളം ഉദ്ധവിന് വൈകാരിക യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് ഉദ്ധവും മകന്‍ ആദിത്യ താക്കറെയും ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തേക്ക് പോയത്. വാഹനത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പുക്കള്‍ ചൊരിഞ്ഞു.

ചിലര്‍ വാഹനത്തിന് മുന്നില്‍ ചാടി ആത്മഹത്യാ ഭീഷണി മുഴക്കി. മറ്റു ചിലര്‍ റോഡില്‍ കിടന്ന് പോകരുതെന്ന് അപേക്ഷിച്ചു. വാഹനത്തില്‍ നിന്നിറങ്ങി ഉദ്ധവ് അഭിവാദ്യം ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിന്‍മാറിയത്.

ശിവസേനയിലെ വിമത വിഭാഗത്തിന്റെ നേതാവായാ ഏക്‌നാഥ് ഷിന്‍ഡെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഉദ്ധവ് ഏത് നിമിഷവും രാജി വെച്ചേക്കാമെന്നാണ് ലഭിക്കുന്ന സൂചനകള്‍. മുഖ്യമന്ത്രി പദം ഷിന്‍ഡെയ്ക്ക് വാഗ്ദാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപി ക്യാംപിലേക്ക് മടങ്ങണമെന്ന ആവശ്യത്തില്‍ നിന്ന് അദേഹം പിന്നോട്ടു പോയിട്ടില്ല.

മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസിനും എന്‍സിപിക്കുമാണെന്ന് ഷിന്‍ഡെ പറഞ്ഞു. ശിവസൈനികര്‍ അവിശുദ്ധ അവസരവാദ സഖ്യം വിട്ട് പുറത്തു വരണമെന്നും ഷിന്‍ഡെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.