ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ വിദഗ്ധർ പങ്കെടുക്കും.
പ്രതിവാര കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളും.
രാജ്യത്ത് ഇന്നലെ 12, 249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയര്‍ന്നു. പ്രധാന നഗരങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
മുംബയില്‍ ഇന്നലെ 1648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ 676 പേര്‍ക്കും, ചെന്നൈയില്‍ 345 പേര്‍ക്കുമാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി, തമിഴ്നാട്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
ഡല്‍ഹിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ 3886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. നാല് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതിനോടകം തന്നെ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനം മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരുന്നത് തടയാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതിയും നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.