തലശേരി: പതിറ്റാണ്ടുകളുടെ ഓര്‍മ്മ പുതുക്കി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആദിവാസി സമൂഹത്തെ തേടി എത്തിയപ്പോള്‍ പഴയ തലമുറയ്ക്ക് അതൊരു ഓര്‍മ്മ പുതുക്കല്‍ കൂടി ആയിരുന്നു. ഒരു മെത്രാന്‍ ആദിവാസിക്കുടിലില്‍ എത്തുക, അവരോട് കുശലം പറയുക, സ്‌നേഹം പങ്കുവക്കുക... ഇത്തരം സംഭവങ്ങള്‍ പഴയ തലമുറ പറഞ്ഞു തന്ന കഥകളില്‍ മാത്രം കേട്ട അറിവേ നമ്മുക്കൊക്കെ ഉള്ളു. സുവിശേഷത്തിന്റെ നന്മയുടെ വിത്തുകള്‍ പാകാന്‍ പഴയ തലമുറ എത്രയോ കാടും മലയും കയറിയിരിക്കുന്നു. ആ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്നത്തെ പൂത്തുലഞ്ഞ വിശ്വാസ സമൂഹം.
പഴയ പിതാക്കാന്‍മാരില്‍ പലരും മണ്ണിനേയും മനുഷ്യനേയും അത്രമേല്‍ അടുത്തറിഞ്ഞവരായിരുന്നു. ഇന്ന് നാട് വികസിച്ചു പോക്കു വരവുകള്‍ ഇല്ലാതായി. ബന്ധങ്ങള്‍ ക്ഷയിച്ചു. പക്ഷെ സഭാ പിതാക്കാന്‍മാര്‍ മണ്ണുംമനുഷ്യനുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. പക്ഷെ പുറം ലോകത്തേയ്ക്ക് അധികം എത്തപ്പെടുന്നില്ലെന്ന് മാത്രം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടില്‍ നിന്നും ഉള്ളത് വിറ്റുപെറുക്കി മലബാറിലേക്ക് വന്നെത്തിയ കത്തോലിക്കരെ ഇതര മതസ്തര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഭക്ഷണത്തിലൊരു പങ്ക് പകുത്ത് നല്‍കിയും അന്തിയുറങ്ങാന്‍ അവരുടെ കൂരയില്‍ ഇടം നല്‍കിയും പരസ്പരം അറിഞ്ഞും പങ്കിട്ടും ജിവിച്ച ഒരു കാലം. ഇപ്പോള്‍ കാലം മാറി കഥ മാറി. എല്ലാവരും എല്ലാം മറന്നു.
എന്നാലിപ്പോള്‍ ആ പഴയ സ്‌നേഹത്തിന്റെ, പങ്കുവെയ്ക്കലിന്റെ ആശയം ഒരിക്കല്‍ക്കൂടി സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ ആദിവാസി ഊരിലെ സന്ദര്‍ശനത്തിന് കഴിഞ്ഞിരിക്കുകയാണ്.
പാംപ്ലാനി പിതാവ് ആദിവാസി കുടിലിലേയ്ക്ക് എത്തിയത്, ഒറ്റപ്പെടലിന്റെ നൊമ്പരം പേറി ജീവിക്കുന്ന ആ സമൂഹത്തിന് ഏറെ ആശ്വാസകരമായ അനുഭവമായിരുന്നു. കുടിയേറ്റ കര്‍ഷകര്‍ക്കൊപ്പം ദീര്‍ഘകാലം ജീവിച്ച ആദിവാസി സമൂഹത്തിലെ തല മുതിര്‍ന്ന അംഗം മാണിയാന്‍ മൂപ്പനെ കാണാനായിരുന്നു പിതാവിന്റെ വരവ്. എന്നാല്‍ അത് ഒരു സമൂഹത്തിന് മുഴുവന്‍ ഉണര്‍വ്വ് പകരാന്‍ കാരണമായി.
കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയില്‍ മാര്‍ ജോസഫ് പാംപ്ലാനി എത്തിയപ്പോള്‍ തങ്ങളുടെ ഇടയനെ കണ്ട കുഞ്ഞാടുകളെ പോലെ സന്തോഷവാന്‍മാരായിരുന്നു ആ കാടിന്റെ മക്കള്‍. പിതാവ് മുപ്പനെ ചേര്‍ത്ത് പിടിച്ചതും സ്‌നേഹം പങ്കുവച്ചതും ആ നാടിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. 99 വയസുള്ള മാണിയാന്‍ മൂപ്പന്‍ കരിക്കോട്ടക്കരിയിലെ ആദിവാസി സമൂഹത്തിലെ ഏറ്റവും തല മുതിര്‍ന്ന അംഗമാണ്.
കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടം മുതല്‍ കരിക്കോട്ടക്കരിയില്‍ ജീവിക്കുന്ന മാണിയാന്‍ മൂപ്പന്‍ കുടിയേറ്റ ജനതയ്ക്കും കരിക്കോട്ടക്കരിക്കും ഒപ്പം സഞ്ചരിച്ച വ്യക്തി കൂടിയാണ്. പഴയ തലമുറക്കും പുതു തലമുറക്കും സുപരിചിതനായ മാണിയാന്‍ കരിക്കോട്ടക്കരി ആദിവാസി സമൂഹത്തിലെ മുതിര്‍ന്ന അംഗമായിരുന്ന കറുപ്പന്‍ മൂപ്പന്റെ മരുമകനുമാണ്.
അദ്ദേഹത്തെ വാര്‍ദ്ധക്യ സഹജമായ രോഗപീഡകള്‍ അലട്ടുന്നുണ്ടെങ്കിലും എല്ലാം ബുദ്ധിമുട്ടുകളേയും കുറച്ച് സമയം പടിക്ക് പുറത്ത് നിറുത്തി പിതാവിനെ നിറഞ്ഞ മനസോടെയും അതിലേറെ സന്തോഷത്തോടെയുമാണ് മൂപ്പന്‍ സ്വീകരിച്ചത്.
കരിക്കോട്ടക്കരി സെന്റ് തോമസ് ഇടവക അജപാലന സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു ബിഷപ്പിന്റെ ഈ സന്ദര്‍ശനം. പിതാവിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ആദിവാസി സമൂഹത്തിന് വലിയ ആവേശവും വേറിട്ട അനുഭവവുമാണ് സമ്മാനിച്ചത്.
കേട്ടു മാത്രം പരിചയമുള്ള പിതാവിനെ അടുത്തു കണ്ട അവര്‍, ഓരോ ഭവനങ്ങളിലും അദ്ദേഹത്തിന്റ സാന്നിധ്യം അറിയിക്കാന്‍ സ്‌നേഹത്തോടെ എല്ലാ ഭവനങ്ങളിലേയ്ക്കും സ്വാഗതം ചെയ്തു. മൂപ്പനും മറ്റു കുടുംബങ്ങള്‍ക്കും ഉപഹാരങ്ങളും മധുര പലഹാരങ്ങളും സമ്മാനിച്ച് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് ഒരു സമൂഹത്തിന്റെ മുഴുവന്‍ സ്‌നേഹം ഏറ്റു വാങ്ങിയാണ് ആ നല്ല ഇടയന്‍ മലയിറങ്ങിയത്.
കരിക്കോട്ടക്കരി സെന്റ് തോമസ് ഇടവക വികാരി ഫാദര്‍ ആന്റണി പുന്നൂര്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ റൂബിള്‍ മാര്‍ട്ടിന്‍, കെസി ചാക്കോ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ ജോസഫ് വട്ടുകുളം, മനോജ് എം കണ്ടത്തില്‍, സെബാസ്റ്റ്യന്‍ കല്ലൂപുരപറമ്പില്‍, വി എം തോമസ്, അപ്പച്ചന്‍ ഇട്ടിയപ്പാറ, ജോസഫ് കളപ്പറമ്പില്‍, ജോസഫ് ഞാമത്തോലില്‍, ജയ്‌സണ്‍ ചേരും തടത്തില്‍, മേഴ്‌സി അറയ്ക്കല്‍, ലാലിച്ചന്‍ കുറിച്ചിക്കല്‍, ബേബി അറയ്ക്കല്‍, ജിതിന്‍ ആനി തോട്ടത്തില്‍, നിജില്‍ ആലപ്പാട്ട് എന്നിവരും പിതാവിന്റെ സന്ദര്‍ശനത്തില്‍ ഒപ്പം ചേര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.