ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ ആള്‍ക്കൂട്ട മര്‍ദനം: അഞ്ച് പേര്‍ കസ്റ്റഡിയില്‍; 30 പേര്‍ക്കെതിരെ കേസ്

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ ആള്‍ക്കൂട്ട മര്‍ദനം: അഞ്ച് പേര്‍ കസ്റ്റഡിയില്‍; 30 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി തൃക്കുറ്റിശേരി സ്വദേശി ജിഷ്ണു രാജിനെ(24) മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പങ്കുളള 30 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ബാലുശേരിയില്‍ എസ്.ഡി.പി.ഐ ഫ്‌ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതോടൊപ്പം ആയുധം കൈയില്‍വച്ചതിനും കലാപശ്രമത്തിനും ജിഷ്ണുരാജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് രണ്ടു മണിക്കൂറോളം അതിക്രൂരമായി മര്‍ദ്ദിച്ച ജിഷ്ണുവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പലോളി മുക്കില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെ ബെര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞു നിറുത്തി 'നീയല്ലേ എസ്.ഡി.പി.ഐയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചത്' എന്നു ചോദിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തല പിടിച്ച് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ പല തവണ മുക്കി ശ്വാസംമുട്ടിച്ചതായും മര്‍ദ്ദിച്ച സംഘത്തില്‍ ആദ്യം കുറച്ചു പേരാണ് ഉണ്ടായിരുന്നതെന്നും പിന്നീട് ഫോണ്‍ വിളിച്ച് കൂടുതല്‍ പേരെ വരുത്തുകയായിരുന്നുവെന്നും ജിഷ്ണു അറിയിച്ചു.

തന്നെ മര്‍ദ്ദിച്ച സംഘം വടിവാള്‍ കഴുത്തില്‍ വച്ച് സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണ് ബോര്‍ഡ് നശിപ്പിച്ചതെന്ന് പറയിപ്പിച്ചതായും ജിഷ്ണു പറഞ്ഞു. വടിവാള്‍ നിര്‍ബന്ധിച്ച് കൈയില്‍ പിടിപ്പിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അവരെയും കേസില്‍ കുടുക്കിയെന്നും ജിഷ്ണു പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.