സംസ്ഥാന റവന്യൂ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ തിരിതെളിയും

 സംസ്ഥാന റവന്യൂ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ തിരിതെളിയും

തൃശൂര്‍: സംസ്ഥാന റവന്യൂ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് സ്വരാജ് റൗണ്ടില്‍ നടക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷനാകും.

കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, പ്രൊഫ. കെ. സച്ചിദാനന്ദന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഇന്നസെന്റ്, ജയരാജ് വാര്യര്‍, ഐ.എം. വിജയന്‍, വിദ്യാധരന്‍ മാസ്റ്റര്‍, ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഘോഷ യാത്രയില്‍ വാദ്യ മേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക്ലോര്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നാടന്‍ കലാ സന്ധ്യയും അരങ്ങേറും. ഇന്ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

39 ഇനങ്ങളില്‍ 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ തമ്മിലാകും മാറ്റുരയ്ക്കുക. അവസാന ദിവസമായ 26ന് വൈകീട്ട് 4.30 മുതല്‍ സമാപന സമ്മേളനവും സമ്മാനദാനവും തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയില്‍ നടക്കും. കളക്ടര്‍മാര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റുമാര്‍ വരെയുള്ള റവന്യൂ, സര്‍വേ, ഭവന നിര്‍മ്മാണ, ദുരന്ത നിവാരണ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ മത്സര രംഗത്തുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഹരിത വി. കുമാര്‍, എം.എല്‍.എമാരായ പി. ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍.കെ. അക്ബര്‍, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് അംഗം വി.എന്‍. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.