രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം: സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം; എകെജി സെന്ററിന് സുരക്ഷ കൂട്ടി

രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം: സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം; എകെജി സെന്ററിന് സുരക്ഷ കൂട്ടി

കൊച്ചി: വയനാട്ടില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി എപിയുടെ ഓഫീസ് ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പല ഇടങ്ങളിലും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഫ്ളെക്സുകള്‍ നശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്‌ഐ ആക്രമണം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറുകയും ഫര്‍ണിച്ചറുകള്‍ അടക്കം പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും.

ഇതിനു പിന്നാലെ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിന്റെ പക്കല്‍ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. ടി സിദ്ധിഖ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയില്‍ ടയര്‍ കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അതേസമയം എകെജി സെന്ററിലേക്ക് മാര്‍ച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കോട്ടയത്തുണ്ടായ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനവും സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയിയുടെ മുഖത്ത് പരിക്കേറ്റു.

എന്നാല്‍ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിപ്പറഞ്ഞ്് മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.