യശ്വന്ത് സിന്‍ഹയെ രാഷ്ടപതി സ്ഥാനാര്‍ഥിയാക്കിയവര്‍ തന്നെ മറുകണ്ടം ചാടുന്നു; ദ്രൗപതി മുര്‍മുവിന് പിന്തുണയുമായി ബിഎസ്പിയും രംഗത്ത്

യശ്വന്ത് സിന്‍ഹയെ രാഷ്ടപതി സ്ഥാനാര്‍ഥിയാക്കിയവര്‍ തന്നെ മറുകണ്ടം ചാടുന്നു; ദ്രൗപതി മുര്‍മുവിന് പിന്തുണയുമായി ബിഎസ്പിയും രംഗത്ത്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും പ്രതിപക്ഷ ഐക്യം പാളി. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി കൂടി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ കക്ഷികളായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ജെഎംഎം എന്നിവര്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബിഎസ്പി അധ്യക്ഷയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി നേരിട്ടാണ് മുര്‍മുവിനുള്ള പിന്തുണ പ്രഖ്യാപിച്ചത്. ആദിവാസി വിഭാഗത്തിനൊപ്പം നില്‍ക്കുകയെന്നത് പാര്‍ട്ടിയുടെ നയമാണ്. പ്രസ്ഥാനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് മനസ്സില്‍ വെച്ചുകൊണ്ടാണ് വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കാന്‍ ബിഎസ്പി തീരുമാനിച്ചതെന്ന് മായാവതി പറഞ്ഞു.

ബിജെപിയെയോ എന്‍ഡിഎയെയോ പിന്തുണയ്ക്കാനോ പ്രതിപക്ഷമായ യുപിഎയ്ക്കെതിരെ പോകാനോ അല്ല, മറിച്ച് കഴിവുള്ളതും അര്‍പ്പണബോധമുള്ളതുമായ ഒരു ആദിവാസി സ്ത്രീയെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കാനുള്ള തീരുമാനത്തിനൊപ്പമാണ് തങ്ങളെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും അതിനുശേഷം പ്രതിപക്ഷത്ത് ഭിന്നതയുണ്ടായി. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരം പങ്കിടുന്ന ജെഎംഎം തന്നെ എന്‍ഡിഎയ്‌ക്കൊപ്പം പോയത് അവര്‍ക്ക് വലിയ ക്ഷീണമാണ് സമ്മാനിച്ചത്.

17 പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉണ്ടായിരുന്നു. ആദിവാസി വോട്ട് ബാങ്ക് അധിഷ്ടിത പാര്‍ട്ടിയായ ജെഎംഎം ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചത് ജനരോക്ഷം ഭയന്നാണ്.

ഗോത്രവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുര്‍മുവിനെ എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ജാര്‍ഖണ്ഡില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും അത് വലിയ ആയുധമാക്കുമെന്ന ഭയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.