ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് മത്സരത്തിനിടെ ഷെയ്ന്‍ വോണിന്റെ പരസ്യം; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് മത്സരത്തിനിടെ ഷെയ്ന്‍ വോണിന്റെ പരസ്യം; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

ലീഡ്സ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം അന്തരിച്ച ഷെയ്ന്‍ വോണ്‍ മുന്‍പ് അഭിനയിച്ച പരസ്യം ക്രിക്കറ്റ് മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്തതില്‍ ആരാധകരുടെ പ്രതിഷേധം. ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് ഷെയ്ന്‍ വോണ്‍ അഭിനയിച്ച ഹെയര്‍ സ്റ്റുഡിയോയുടെ പരസ്യം സംപ്രേക്ഷണം ചെയ്തത്. പിന്നാലെ പരസ്യം പിന്‍വലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ വിമര്‍ശനമാണ് ചാനലിന് എതിരെ ഉണ്ടായത്. പ്രമുഖ സ്‌പോര്‍ട്സ് ചാനലായ സ്‌കൈ സ്‌പോര്‍ട്സാണ് അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പരസ്യം സംപ്രേക്ഷണം ചെയ്ത് പൊല്ലാപ്പിലായത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 52 വയസുകാരനായിരുന്ന വോണിന്റെ വേര്‍പാട്. ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളിക്കിടെ 'അഡ്വാന്‍സ്ഡ് ഹെയര്‍ സ്റ്റുഡിയോ' യുടെ പരസ്യത്തിലാണു വോണ്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ടു ഞെട്ടിപ്പോയെന്നും ഇതു വോണിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും അരോചകമായി തോന്നുന്നുവെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

'ഷെയിന്‍ വോണിനെ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന പരസ്യം കാണിക്കുന്നതു ഉചിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്റെ കണ്ണില്‍ ഇത് അല്‍പ്പം അരോചകമാണ്' ആരാധകരില്‍ ഒരാളുടെ ട്വീറ്റ് ഇങ്ങനെ. 'അടുത്തിടെ അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണെ പരസ്യത്തിലൂടെ അപമാനിക്കുന്നതായി തോന്നിയത് എനിക്കു മാത്രമാണോ' ഇതായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

പ്രതിഷേധം അതിരുവിടുന്നതിനു മുന്‍പ് തന്നെ പ്രക്ഷേപകര്‍ പരസ്യം പിന്‍വലിച്ച് കൂടുതല്‍ വിവാദങ്ങളില്‍ നിന്നും രക്ഷപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.